വാഷിംഗ്ടണ്‍: മാതൃത്വമാണ് സ്ത്രീയുടെ ജീവിതത്തിന് പൂര്‍ണ്ണത നല്‍കുന്നതെന്നാണ് ഏവരുടേയും വിശ്വാസം. എന്നാല്‍ അതിന് കടക വിരുദ്ധമായ കണ്ടെത്തലാണ് അമേരിക്കന്‍ സര്‍വ്വകലാശാല നടത്തിയിരിക്കുന്നത്. ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ അമ്മയുടെ ജീവിതത്തില്‍ കുറയുന്നത് പതിനൊന്നു വര്‍ഷമാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. അമേരിക്കയിലെ ജോര്‍ജ് മേസണ്‍ സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് ഈ വെളിപ്പെടുത്തല്‍.
വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളാണ് ഇതിന് ആധാരം. നമ്മുടെ ശരീരത്തിലെ ക്രോമസോമുകളിലെ ഡി.എന്‍.എയുടെ അറ്റത്തെ അടുപ്പുകളായ ടെലോമിയറുകളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഇവ ഡി.എന്‍.എയുടെ വിഭജനത്തെ സഹായിക്കുന്നു. കൂടാതെ കാലം കഴിയുന്തോറും ഇതിന്റെ നീളം കുറയുന്നു. മുന്‍പ് രോഗാവസ്ഥയും മരണവും ആയാണ് ഇതിനെ ബന്ധപ്പെടുത്തിയിരുന്നത്. പ്രസവിച്ച സ്ത്രീകളുടെ ടെലോമിയറുകളെക്കുറിച്ചുള്ള പഠനത്തിലാണ് പുതിയ ഞെട്ടിപ്പിക്കുന്ന സത്യം വ്യക്തമായതെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രസവിച്ച സ്ത്രീകളുടെ ടെലോമിയറുകളുടെ നീളം അല്ലാത്തവരെ അപേക്ഷിച്ച് കുറയുന്നതായാണ് വ്യക്തമായത്. ഇതോടെ ആയുസിന്റെ പതിനൊന്ന് വര്‍ഷമാണ് കുറയുന്നത്.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇതിനെതിരെ വിമര്‍ശനവുമുയര്‍ന്നു. പ്രസവിച്ചതുകൊണ്ടാണോ ടെലോമിയറുകളുടെ നീളം കുറയുന്നത് എന്ന് വ്യക്തമാക്കാന്‍ ഗവേഷകര്‍ക്കാവുന്നില്ല. പുരുഷന്മാരില്‍ ടെലോമിയറുകളുടെ നീളം കുറയുന്നുണ്ടോ തുടങ്ങിയ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനും അവര്‍ക്കാകുന്നില്ല. ഇവയെല്ലാം ഉള്‍പ്പെടുത്തി പുതിയ പഠനത്തിനൊരുങ്ങുകയാണ് ഗവേഷകര്‍.