ഈ അമ്മ നെഞ്ച്പൊട്ടുന്ന ആ ചിത്രം പോസ്റ്റ് ചെയ്തതെന്തിന്?അച്ഛനമ്മമാരുടെ നെഞ്ചിലെ മുറിപ്പാടാകുമോ ?

‘നിങ്ങള്‍ ഉണരേണ്ടി വരുന്നത് കുഞ്ഞുങ്ങള്‍ തൊട്ടരികില്‍ ഉള്ളതുകൊണ്ടാണ്. പക്ഷേ ഞാന്‍ ഇപ്പോള്‍ എന്നും പുലര്‍ച്ചെ ഞെട്ടിയുണരുന്നു. ‌അരികില്‍ എന്റെ കുഞ്ഞുകണ്മണിയില്ല എന്ന ഒരൊറ്റക്കാരണം കൊണ്ടു മാത്രം…’ഈ അമ്മ നെഞ്ച്പൊട്ടുന്ന ആ ചിത്രം പോസ്റ്റ് ചെയ്തതെന്തിന്?..

ഫ്ലോറിഡയിലെ നതാലി മോര്‍ഗന്‍ എന്ന ആ അമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികള്‍ ഇന്ന് ലോകമെമ്പാടുമുള്ള അച്ഛനമ്മമാരുടെ നെഞ്ചിലെ നേര്‍ത്ത മുറിപ്പാടാവുകയാണ്. എല്ലാ മാതാപിതാക്കള്‍ക്കും ഭാവിയില്‍ അച്ഛനും അമ്മയും ആകാനൊരുങ്ങുന്നവര്‍ക്കുമെല്ലാമായിട്ടായിരുന്നു നതാലി തന്റെ അനുഭവം പങ്കുവച്ചത്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്തുകയാണെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ എന്ന ആമുഖത്തോടെയായിരുന്നു പോസ്റ്റിന്റെ തുടക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

natali word fbകുഞ്ഞുകരച്ചില്‍ കേട്ട് ഞെട്ടിയുണരേണ്ട അതേ പുലര്‍കാലത്തില്‍ ഒരുനാള്‍ നതാലി ഞെട്ടിയുണര്‍ന്നത് തന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ കുഞ്ഞിന്റെ അവസാനശ്വാസവും നിലച്ചതറിഞ്ഞാണ്. സെപ്റ്റംബര്‍ 10ന് രാത്രിയില്‍ കിടക്കും മുന്‍പ് സ്നേഹത്തോടെ അമ്മയ്ക്ക് കുഞ്ഞിക്കാലു കൊണ്ട് ഒരു തട്ടുകൊടുത്തതാണവള്‍. പക്ഷേ 11ന് പുലര്‍ച്ചെ ആ കുസൃതിക്കുട്ടിയുടെ അനക്കമൊന്നും അറിയുന്നില്ല. ഡോക്ടര്‍മാരെത്തി പരിശോധിച്ചു. അപ്പോഴേക്കും നതാലിയുടെയും ഭര്‍ത്താവ് ബ്രയാന്റെയും രണ്ടാമത്തെ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ മരണമടഞ്ഞിരുന്നു. 40 ആഴ്ചകള്‍ പ്രായമുള്ള കുഞ്ഞ് ജനിക്കാന്‍ നാളുകള്‍ മാത്രം ബാക്കിയായിരിക്കെയായിരുന്നു ഈ ദാരുണാന്ത്യം.

ജനിക്കുമ്പോള്‍ അവള്‍ക്കിടാന്‍ വച്ചിരുന്ന എലെനോര്‍ ജോസ്ഫീന്‍ എന്ന പേരു പോലും മിഴിനീര്‍പ്പൂക്കളായ നിമിഷം. കുഞ്ഞ് എലെനോറിന്റെ ഓര്‍മയില്‍ നതാലി ഫെയ്സ്ബുക്കില്‍ നടത്തിയ ഓര്‍മപ്പോസ്റ്റ് അത് വായിക്കുന്ന ഓരോരുത്തരുടെയും മിഴിക്കോണുകളെ നനയിപ്പിച്ചു കൊണ്ട് വൈറലാവുകയാണ്. നാല് ലക്ഷത്തോളം പേരാണ് ഇതുവരെ പോസ്റ്റ് ഷെയര്‍ ചെയ്തത്. കമന്റുകളായും കരച്ചിലുകളായും ഒട്ടേറെ പേര്‍ ആ അമ്മയ്ക്ക് പിന്തുണയും അറിയിക്കുന്നു. ‘മരണമറിഞ്ഞ ആ നിമിഷത്തില്‍ എനിക്കു ശ്വസിക്കാനാകാതായി, ഞാന്‍ ഉറക്കെക്കരഞ്ഞു, കണ്ണില്‍ക്കണ്ടതെല്ലാം എടുത്തെറിഞ്ഞു, ഒരു ചില്ലുപാത്രം പോലെ പൊട്ടിത്തകര്‍ന്നു പോയി ഞാന്‍…അവള്‍ക്കൊപ്പം ഞാനും മരിച്ചുവീണു ആ നിമിഷത്തില്‍. അവളെ സംരക്ഷിക്കേണ്ടത് എന്റെ ചുമതലയായിരുന്നു. പകരം ഞാന്‍ തന്നെ എന്റെ കുഞ്ഞിനെ…’ നതാലിയുടെ വരികള്‍ വിറകൊള്ളുന്നു.natali morgan fb

മാനസികനില തകരാറിലായ പോലെ പെരുമാറിയ, ഇരുപത്തൊന്‍പതുകാരിയായ ആ പെണ്‍കുട്ടിയെ ഉറക്കിക്കിടത്താന്‍ ശ്രമിച്ച ഡോക്ടര്‍മാരോട് അവള്‍ അപേക്ഷിച്ചു– ‘അരുത്, ഈ വേദന എനിയ്ക്കറിയണം. എന്റെ ഹൃദയം ഇന്നേരം അനുഭവിക്കുന്ന, ഇഞ്ചിഞ്ചായി കൊല്ലുന്ന ആ വേദന ബോധാവസ്ഥയില്‍ത്തന്നെ എനിക്കറിയഞ്ഞേ മതിയാകൂ..’ ഡോക്ടര്‍മാര്‍ നതാലിയെ മയക്കിയുറക്കിയില്ല. മരിച്ചെങ്കിലും ആറു മണിക്കൂറോളം നതാലിയും ബ്രയാനും എലെനോറിനൊപ്പം ചെലവിട്ടു. നിശ്ചലമായതെങ്കിലും നിഷ്കളങ്കമായ ആ കുഞ്ഞുശരീരത്തെ നെഞ്ചോട് ചേര്‍ത്ത് നിറയെ ഫോട്ടോകളെടുത്തു. അവളെ കുളിപ്പിച്ചു, കുനുകുനാ വളര്‍ന്നുവന്ന മുടിയിഴകള്‍ ചീകിയൊതുക്കി, അവളെ ഉമ്മകള്‍ കൊണ്ടു മൂടി. പിന്നെ ചെവിയില്‍ മന്ത്രിച്ചു–‘കുഞ്ഞേ, നിന്നെ ഞങ്ങളെത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്നറിയാമോ…’

natali preganantജീവിതത്തില്‍ എത്രയേറെ കഠിന നിമിഷങ്ങളുണ്ടെങ്കിലും അത് കുഞ്ഞുങ്ങളോട് ഒരിക്കലും പ്രകടിപ്പിക്കരുതെന്നും നതാലി പറയുന്നു. രാത്രികളില്‍ പലപ്പോഴും അവരുടെ ഡയപെര്‍ മാറ്റേണ്ടി വരും, കരച്ചില്‍ മാറ്റാന്‍ എടുത്തുകൊണ്ട് നടക്കേണ്ടി വരും, ചിലപ്പോള്‍ ഒരു രാത്രി മുഴുവന്‍ അവന്‍/അവള്‍ നിങ്ങളുടെ ഉറക്കം കെടുത്തിയെന്നും വരാം. ചിലപ്പോഴൊക്കെ നിങ്ങള്‍ നെഞ്ചോടു ചേര്‍ത്തുറക്കിയാല്‍ പോലും കുഞ്ഞുങ്ങള്‍ വെറുതെ കരയും. അന്നേരമൊന്നും ഒന്നു പോയിക്കിടന്നുറങ്ങ് കൊച്ചേ…എന്നു പറഞ്ഞ് അവരോട് കണ്ണുരുട്ടരുത്. ചെറുതായിപ്പോലും നോവിച്ചേക്കരുത്. നിങ്ങള്‍ക്കുള്ളില്‍ ശേഷിക്കുന്ന സ്നേഹത്തിന്റെ ഏറ്റവും ചെറിയ കണം കൊണ്ടാണെങ്കില്‍പ്പോലും അവരെ ആശ്വസിപ്പിക്കുക. ആ കുഞ്ഞുങ്ങളാണ് നിങ്ങളുടെ ജീവിതത്തിലെ എല്ലാമെന്ന് ഒന്നുകൂടി ഒരുമ്മ കൊണ്ടോ തലോടല്‍ കൊണ്ടോ അവരെ ഓര്‍മിപ്പിക്കുക. കുഞ്ഞുങ്ങളുള്ള കാരണം നിങ്ങള്‍ ഞെട്ടിയുണരുന്ന ആ നിമിഷത്തില്‍, കാതങ്ങള്‍ക്കപ്പുറം ഞാനിവിടെ എന്റെയരികിലില്ലാത്ത കുഞ്ഞിനെയോര്‍ത്ത് ഞെട്ടിയുണരുകയാണെന്നും ഓര്‍മിക്കുക…’

മകളുടെ ഓര്‍മയ്ക്കായി അവളുടെ പേരെഴുതി അതിനു ചുറ്റും പൂക്കള്‍ നിറഞ്ഞ ഒരു ടാറ്റൂവും നതാലി ചുമലില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്. അമ്മയോട് കരയേണ്ടെന്നു പറഞ്ഞ് ആശ്വസിപ്പിക്കാന്‍ കുഞ്ഞുമകന്‍ ആല്‍ഫിയും അരികെത്തന്നെയുണ്ട്. അതേസമയം എലെനോറിന്റെ നിശ്ചലദേഹവും ചേര്‍ത്തുപിടിച്ച് നതാലി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് വിമര്‍ശനങ്ങളും ഏറെയുണ്ട്. സഹിക്കാനാകാത്ത കാഴ്ചയെന്നു പറഞ്ഞ് ചിലര്‍ ഫോട്ടോയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യുക പോലുമുണ്ടായി. അവരോട് ആ അമ്മ എന്തു പറയാനാണ്…? നമുക്കും നതാലിയ്ക്കൊപ്പം പ്രാര്‍ഥിക്കാം. ഇനിയൊരമ്മയ്ക്കും ഇതുപോലൊരു മരണം നൊമ്പരമാകാതിരിക്കട്ടെ.പുലര്‍കാലങ്ങളിലെ കുഞ്ഞുങ്ങളുടെ ആ തോണ്ടിവിളിയ്ക്കലുകള്‍ക്കും കരച്ചിലുകള്‍ക്കും നേരെ അറിയാതെയാണെങ്കില്‍പ്പോലും എപ്പോഴെങ്കിലും നീരസം പ്രകടിപ്പിച്ചിട്ടുണ്ടാവില്ലേ നാം? ഈ അമ്മയുടെ ചങ്കുപൊട്ടുന്ന വാക്കുകള്‍ ഒരു പക്ഷേ നമ്മുടെ നെഞ്ചില്‍ വിങ്ങലുളവാക്കുന്നില്ലേ ?  

Top