മഴക്കെടുതി കനത്ത നാശംവിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നലെ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി രക്ഷാപ്രവര്‍ത്തകര്‍. കവളപ്പാറയിൽനിന്ന് ആറു മൃതദേഹങ്ങളാണ് തെരച്ചിലില്‍ കണ്ടെടുത്തത്. പുത്തുമലയിൽനിന്ന് കൂടുതലാരെയും കണ്ടെത്താനായില്ല.
കവളപ്പാറ കോളനിയിലെ സുബ്രഹ്മണ്യന്റെ ഭാര്യ പ്ലാന്തോടൻ സുധ(33), പള്ളത്ത് ശങ്കരൻ(70), പള്ളത്ത് ശിവന്റെ ഭാര്യ രാജി(35), കൊല്ലം സ്വദേശി അലക്സ് മാനുവൽ(55), തിരിച്ചറിയാത്ത രണ്ട് പുരുഷന്മാർ എന്നിവരുടെ മൃതദേഹമാണ് ഇന്നലെ ദുരന്തബാധിതപ്രദേശത്ത് നിന്ന് കിട്ടിയത്. നേരത്തെ അലക്സ് മാനുവലിന്റേതാണെന്നു സംശയിച്ച മൃതദേഹം കവളപ്പാറ എസ്.ടി. കോളനിയിലെ മൂപ്പൻ ചാത്തന്റെ വീട്ടിൽ വിരുന്നുവന്ന ബന്ധു രാധിക(45)യുടേതാണെന്ന് അധികൃതർ പറഞ്ഞു. മണ്ണിനടിയിൽ ഇനിയും 44 പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് നിഗമനം.
മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിലിൽ കാണാതായ സരോജിനി(50)യുടെ മൃതദേഹവും ഇന്നലെ രാവിലെയോടെ കണ്ടെടുത്തു. ഇതോടെ നാലുദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 90 ആയി. സർക്കാരിന്‍റെ കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം 83 ആണ്. 52 പേരെ ഇനിയും കണ്ടെത്താനുണ്ട്.