സംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയനേതാവിനു ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്തു കേസ് പ്രതി സരിത് കസ്റ്റംസിനു മൊഴി നല്‍കി. ഇതു ശരിയാണെന്ന് ഉറപ്പിച്ച് സ്വപിനയും മൊഴി നല്‍കിയിട്ടുണ്ട്. നേതാവുമായി തനിക്കുള്ള ബന്ധവും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതന് പോലും റിവേഴ്സ് ഹവാലയില്‍ പങ്കുണ്ട്. ഉന്നതനെ അറിഞ്ഞാല്‍ ജനം ബോധംകെട്ടു വീഴുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡോളറാക്കിയ പണത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദ അന്വേഷണത്തിനൊരുങ്ങുകയാണ്. ഏതു തരത്തിലുള്ള പണമാണു കൈമാറ്റം ചെയ്തതെന്നും ആരുടെയൊക്കെ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നും അന്വേഷിക്കും.
നേതാവിന്റെ വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കു പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യും. നേതാവിനെയും ചോദ്യം ചെയ്യേണ്ടി വരുമെന്നതിനാല്‍ ഇതിന്റെ നിയമവശം കൂടി അന്വേഷണ സംഘം പരിശോധിക്കുകയാണ്.