നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ നൽകിയ മുന്‍കൂര്‍ ജാമ്യപേക്ഷയിലെ വിചാരണ ഹൈക്കോടതിയിൽ തുടരുന്നു. നിലവിലുള്ള മൊഴിവച്ച് ഗൂഢാലോചന ആരോപണം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കോടതി പറഞ്ഞു.
ഗൂഢാലോചന അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ട്. എന്നാല്‍ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി പറഞ്ഞു.
ബാലചന്ദ്രകുമാറിന്റെ സിനിമയിൽനിന്ന് പിന്മാറിയപ്പോഴല്ലേ ആരോപണം വന്നതെന്നും കോടതി ചോദിച്ചു. ദിലീപ് മദ്യലഹരിയിലാണോ പറഞ്ഞതെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ, സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കരുതെന്ന് മാത്രമാണു പറയുന്നതെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.
ഗൂഢാലോചന നടന്നെന്ന ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവുകളുണ്ട്. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാൽ പ്രേരണയായി കണക്കാക്കാനാവില്ലെന്നും കോടതി വിശദമാക്കി.
ഒരു തെളിവുമില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയതെന്ന് ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. പൊലീസ് കെട്ടിച്ചമച്ച കഥയാണ് വധഗൂഢാലോചന. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. നേരത്തെ പറഞ്ഞുപഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖം. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വൈരുധ്യമുണ്ട് എന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ പിന്നീട് കേസ് അന്വേഷണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രതികൾ സാധാരണക്കാരല്ല. വലിയ സ്വാധീനമുള്ളവരാണ്. ഓരോ സാക്ഷികളെയും സ്വാധീനിക്കാൻ പ്രതിഭാഗം ഓടിക്കൂടുകയാണ് എന്നും വിചാരണക്കോടതിയിൽ വാദിക്കാൻ പോലും പ്രതിഭാഗം അനുവദിക്കാത്ത സ്ഥിതിയാണ് എന്നും പ്രോസിക്യൂഷൻ പറഞ്ഞു.
വെറുതെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്ന് ഒരു നിമിഷത്തെ വികാരവിക്ഷോഭത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് പറഞ്ഞതല്ല ദിലീപെന്നും, അതിന് വഴി വയ്ക്കുന്ന പ്രവൃത്തികൾ ചെയ്തെന്ന് ഡിജിറ്റൽ തെളിവുകൾ അടക്കമുണ്ടെന്നുമാണ് സർക്കാർ വാദം.
ബൈജു പൗലോസിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമാണ് പുതിയ കേസെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു.
പ്രത്യേക സിറ്റിങ് നടത്തിയാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. വിശദമായ വാദം കേൾക്കാൻ സമയം വേണമെന്നു വിലയിരുത്തിയ ജസ്റ്റിസ് പി.ഗോപിനാഥ് ഓൺലൈൻ സിറ്റിങ് ഒഴിവാക്കി കോടതിമുറിയിൽ നേരിട്ടു വാദം കേൾക്കാനായി മാറ്റുകയായിരുന്നു.
ദിലീപ്, സഹോദരന്‍ പി.ശിവകുമാര്‍ , ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണു പരിഗണിച്ചത്.
ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.