മംഗളം ചാനല്‍ മേധാവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; സ്വകാര്യ സംഭാഷണം സംപ്രേക്ഷണം ചെയ്ത കേസില്‍ മറ്റു പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: മന്ത്രി ശശീന്ദ്രന്റെ രാജിക്ക് കാരണമായ ഓഡിയോ സംപ്രേഷണം ചെയ്ത കേസിലെ പ്രതികളായ മംഗളം ചാനല്‍ മേധാവിക്കും റിപ്പോര്‍ട്ടര്‍ക്കും ജാമ്യം ലഭിച്ചില്ല. ചാനല്‍ സിഇഒ എ. അജിത് കുമാര്‍, റിപ്പോര്‍ട്ടര്‍ കെ. ജയചന്ദ്രന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. അതേസമയം മൂന്നും നാലും പ്രതികള്‍ക്കു ജാമ്യവും ആറുമുതല്‍ ഒമ്പതു വരെയുള്ള പ്രതികള്‍ക്കുമുന്‍കൂര്‍ ജാമ്യവും ഹൈക്കോടതി അനുവദിച്ചു.

ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകരായ എം.ബി. സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ് എന്നിവര്‍ക്കാണു മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ നാലിന് രാവിലെ ചോദ്യം ചെയ്യലിനു ഹാജരായ ഒമ്പതു പ്രതികളില്‍ അഞ്ചുപേരെ 12 മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമാണു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രിമിനല്‍ ഗൂഢാലോചന, ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ തുടങ്ങിയവയാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ തെളിവെടുക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ചാനലിന്റെ ഓഫീസില്‍ പരിശോധന നടത്തി രജിസ്‌ട്രേഷന്‍ രേഖകളും വാര്‍ത്ത സംപ്രേഷണം ചെയ്തതിന്റെ ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തിരുന്നു. അതേസമയം തന്റെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും കാണാനില്ലെന്ന് കാട്ടി ചാനല്‍ മേധാവി പരാതി നല്‍കി.

മംഗളം ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകമാണ് എ.കെ. ശശീന്ദ്രന് ഗതാഗത മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്.

വാര്‍ത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപണമുയര്‍ന്നു. ഇതിനെത്തുടര്‍ന്ന് ചനലിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായി. ഫോണ്‍ സംഭാഷണം ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചതല്ലെന്നാണ് ചാനല്‍ സിഇഒ അജിത്ത് കുമാര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. പരാതിക്കാരി സമയമാകുമ്പോള്‍ പുറത്തുവരുമെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും സിഇഒ പറഞ്ഞിരുന്നു. എന്നാല്‍ മംഗളത്തിലെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണം ശേഖരിച്ചതെന്ന് അജിത്ത് കുമാര്‍ പിന്നീട് കുറ്റസമ്മതം നടത്തി.

Top