ദില്ലി: സ്ത്രീ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കി ആരോഗ്യമന്ത്രി കെകെ ഷൈലജയെത്തി. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും നിര്‍ഭയ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ഷൈലജ പറഞ്ഞു. എല്ലാ ഭിന്നശേഷിക്കാര്‍ക്കും തിരിച്ചറിയല്‍ രേഖ നല്‍കും. സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും തിരിച്ചറിയല്‍ രേഖ നല്‍കാനും കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമായതായും കെകെ ഷൈലജ അറിയിച്ചു.
ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗും നിയമസഹായവും, താമസസൗകര്യവും ഒരുക്കിയാണ് നിര്‍ഭയ സെന്ററുകള്‍ 14 ജില്ലകളിലും നിര്‍മ്മിക്കുക. ഇതിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറും. ഇതിനുള്ള ധനസഹായം കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും കെകെ ഷൈലജ പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ അംഗന്‍വാടികളുടേയും പശ്ചാത്തലസൗകര്യം വര്‍ധിപ്പിക്കും. പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റും. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങിനെ കേന്ദ്രസര്‍വ്വകലാശാലയാക്കി ഉയര്‍ത്തുന്നതിനുള്ള തീരുമാനവും 30ന് നടക്കുന്ന ക്യാമ്പിനറ്റില്‍ കൈക്കൊള്ളും.
ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങളും വൈദ്യപരിശോധനയും നല്‍കുന്നതിന് സെപ്തംബര്‍ മാസം കണ്ണൂരില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തും. ആക്സിസിബള്‍ ഇന്ത്യ പദ്ധതിയില്‍ തിരുവനന്തപുരത്തിന് പുറമേ എറണാകുളം കോഴിക്കോട് ജില്ലകളേയും ഉള്‍പ്പെടുത്തും. സെന്റര്‍ ഓഫ് എകസ്ലന്‍സ് ആയി കോട്ടയം തൃശൂര്‍ മെഡിക്കല്‍ കോളേജുകള്‍ കൂടി പരിഗണിക്കാമെന്ന ഉറപ്പും കേന്ദ്രം കേരളത്തിന് നല്‍കി. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍ത്തവകാലത്ത് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശനങ്ങള്‍ക്ക് പരിഹാരമായി സാനിറ്ററി നാപ്കിന്‍ വിതരണത്തിനും ഉപയോഗിച്ചവ നശിപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന ഷി പാഡ് പ്രൊജക്ടും എത്രയും വേഗം നടപ്പിലാക്കുമെന്നും ഷൈലജ കൂട്ടിചേര്‍ത്തു.