കോഴിക്കോട്: നിപ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഹൈ റിസ്‌കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ പോലീസ് സഹായത്തോടെ ശ്രമിക്കുന്നത്. മരുതോങ്കര സ്വദേശിക്ക് രോഗ ലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്പുള്ള ദിവസങ്ങളില്‍ അയാള്‍ പോയ സ്ഥലങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മറ്റു ജില്ലകളില്‍ ഉള്ള സമ്പര്‍ക്ക പട്ടികയില്‍ ആളുകളുടെ സാമ്പിള്‍ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും. മോണോ ക്ലോണല്‍ ആന്റിബോഡി ഉപയോഗിക്കുന്ന കാര്യത്തെ കുറിച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ല. അതുപോലെ ഇപ്പോള്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് ആന്റിബോഡി കൊടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. ആന്റിബോഡി മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിക്കാന്‍ ഉള്ള നടപടി വേഗത്തിലാക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.