
മേപ്പാടി: സംസ്ഥാനത്തുണ്ടായ രൂക്ഷമായ മഴക്കെടുതിയില്‍ വായുസേനയുടെ സഹായം തേടി സര്‍ക്കാര്‍. പ്രകൃതിക്ഷോഭത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനായാണ് വായുസേനയുടെ സഹായം തേടിയിരിക്കുന്നത്. വയനാട്, മലപ്പുറം ജില്ലകളില്‍ പലയിടത്തുമായി നൂറുകണക്കിന് ആളുകള്‍ കുടുങ്ങി കിടക്കുന്നതായുള്ള വിവരം നേരത്തെ പുറത്തു വന്നിരുന്നു.
ഇവരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വായുസേനയുടെ സഹായം തേടാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ മത്സ്യത്തൊഴിലാളികളും ഇന്ത്യന്‍ വ്യോമസേനയും കരസേനയും ചേര്‍ന്നാണ് കൂടുതല്‍ പേരെ രക്ഷിച്ചത്. കണ്ണൂരിലെ മലയോര മേഖലകളിലും മലപ്പുറം നിലമ്പൂരിലും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനായി ഇതിനോടകം മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. വനംവകുപ്പിന്‍റെയും നാട്ടുകാരുടെയും നേതൃത്തില്‍ ആണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ദുരിതത്തില്‍പ്പെട്ടവരില്‍ കുറെ പേരെ വനംവകുപ്പ് ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി.പ്രദേശത്ത് നടന്നുമാത്രമേ എത്താന്‍ പറ്റുകയുള്ളു എന്നത് രക്ഷാപ്രവര്‍ത്തനത്തിന് പ്രശ്‌നമാകുന്നുണ്ട്. അഞ്ച് കിലോമീറ്റര്‍ നടന്നു മാത്രമേ പ്രദേശത്ത് എത്താന്‍ കഴിയുള്ളു രക്ഷാപ്രവര്‍ത്തകര്‍ ഈ ദൂരം കാല്‍നടയായി പോയാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ ആദ്യ സംഘം പ്രദേശത്ത് എത്തുന്നുണ്ട്. എത്രപേരാണ് ഇവിടെ കുടുങ്ങിയതെന്ന് വ്യക്തമായിട്ടില്ല.ഏതാണ്ട് 40 പേരെയാണ് കാണാതായിരിക്കുന്നതെന്നാണ് വിവരം.
ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. സാധ്യമായ എല്ലാ സുരക്ഷാ പ്രവര്‍ത്തനവും ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കനത്തമഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു. വിമാനത്താവളത്തിനു പുറക് വശത്ത് വെള്ളം ഉയര്‍ന്നതാണ് വിമാനത്താവളം അടക്കാന്‍ കാരണം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലായാണ് വിമാനത്താവളം അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേയിലേക്ക് ഇതുവരെ വെള്ളം കയറിയിട്ടില്ല.
നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ച് വിടും. കൂടാതെ ഇവിടെ നിന്നുമുള്ള സര്‍വ്വീസുകളും താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രളയത്തില്‍ റണ്‍വേയിലടക്കം വെള്ളം കയറിയിരുന്നു.