പാലക്കാട് :മഹാപ്രളയത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടുമൊരു പ്രളയഭീതിയിലാണ് കേരളം. അതേസമയം കാലവര്‍ഷം ശക്തമായത് മൂലമുള്ള പ്രശ്നങ്ങള്‍ അല്ലാതെ മഹാപ്രളയം പോലൊരു സ്ഥിതി വിശേഷത്തിന് സാധ്യതയില്ലെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ ആവര്‍ത്തിക്കുന്നു.സംസ്ഥാനത്തു തിമിർക്കുന്ന ഇടിയോടുകൂടിയ പേമാരിക്കും കാറ്റിനും തീവ്രതകൂട്ടി ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിനൊപ്പം ശാന്തസമുദ്രത്തിലെ രണ്ടു ന്യൂനമർദവും ചേർന്നതാണ് കേരളത്തെ കാലാവസ്ഥയെ പൊടുന്നനെ ബാധിച്ചത്.
നിര്‍ത്താതെ പെയ്യുന്ന പേമാരിയില്‍ സംസ്ഥാനത്തെ മലയോരമേഖലകളില്‍ വന്‍നാശനഷ്ടങ്ങളാണ് ഇന്നുണ്ടായത്. വയനാട്, കോഴിക്കോട്, കണ്ണൂര്‍,മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് കാലവര്‍ഷം കൂടുതല്‍ നാശം വിതച്ചത്. മലബാറിലെ മലയോരമേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. പുഴകള്‍ പലതും കരകവിഞ്ഞൊഴുകുകയാണ്. പല ഡാമുകളും ഇതിനോടകം തുറന്നുവിട്ടു.
കഴിഞ്ഞ പ്രളയകാലത്ത് മധ്യകേരളം കേന്ദ്രീകരിച്ചുണ്ടായ സ്ഥിതിക്ക് ഏതാണ്ട് സമാനമായ സാഹചര്യമാണ് ഇപ്പോൾ വടക്കൻമേഖലയിൽ അനുഭവപ്പെടുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾക്കു സാധ്യതയുണ്ട്. ഇടക്കാലത്ത് വഴിമാറിയ മഴ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തോടെയാണ് തിരിച്ചുവന്നത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയ സൂചനകൾ അനുസരിച്ച് മുൻകരുതൽ നടപടി ആരംഭിച്ചെങ്കിലും മഴയും കാറ്റും പ്രതീക്ഷിച്ചതിലും ശക്തമായതോടെ കാര്യങ്ങൾ കുഴഞ്ഞു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു പിന്നാലെയുണ്ടായ ശാന്തസമുദ്രത്തിലെ രണ്ട് ചുഴലികളാണ് കാറ്റിന്റെയും മഴയുടെയും തീവ്രത ഇരട്ടിയാക്കിയതെന്നാണ് ഗവേഷകരുടെ നിരീക്ഷണം. തെക്കൻ ജില്ലകളിലും നല്ല മഴ ലഭിക്കുന്നുണ്ടെങ്കിലും താരതമ്യേന തീവ്രത കുറവാണ്. ഏതാണ്ട് മധ്യകേരളം മുതൽ വടക്കോട്ടാണ് ഇടിയോടുകൂടിയ കനത്തമഴയും കാറ്റും അനുഭവപ്പെടുന്നതെന്ന് കൊച്ചി റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞർ പറഞ്ഞു. ചിലയിടങ്ങളിൽ മിന്നൽ ചുഴലിക്കു സമാനരീതിയിലാണ് കാറ്റും മഴയും. പെരുമ്പാവൂരിൽ അഞ്ചു മണിയോടെ ഒൻപതു സെന്റിമീറ്റർ വരെ മഴ ലഭിച്ചത് ഇതിന് ഉദാഹരണമാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി നാശത്തിന്റെ സ്വാധീനം അസാധാരണ മാറ്റത്തിനു പിന്നിലുണ്ടെന്നു പരിസ്ഥിതി പ്രവർത്തകർ വിലയിരുത്തുന്നു.
ഊട്ടി, നീലഗിരി വനമേഖല കേന്ദ്രീകരിച്ച് അഞ്ചു ദിവസമായി കനത്തമഴയാണ്. അതോടെ അട്ടപ്പാടിയിലെ ഭവാനി, ശിരുവാണി പുഴ കരകവിഞ്ഞ് മേഖലയിലെ പല കുടുംബങ്ങളും ഒറ്റപ്പെട്ടു. പിന്നീട് നിലമ്പൂരിലും വയനാട്ടിലും ഇതിന്റെ ആഘാതമുണ്ടായി. കാലവർഷകാറ്റിന്റെ ഗതിമാറ്റമാണ് വടക്കുകേന്ദ്രീകരിച്ചുള്ള മഴയുടെ പിന്നിലെന്നാണു നിഗമനം. അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയുമെന്നാണ് നിരീക്ഷണം.
പുത്തുമല ദുരന്തം
വയനാട് കല്‍പറ്റയില്‍ മേപ്പാടിക്ക് സമീപമുള്ള ഏസ്റ്റേറ്റ് മേഖലയാണ് പുത്തുമല. ഇവിടെ പുത്തുമല, പച്ചക്കാട് എന്നീ മലകള്‍ക്കിടയിലൂടെ ഇന്ന് വൈകുന്നേരമുണ്ടായ ഉരുള്‍പൊട്ടലാണ് ഇപ്പോള്‍ കേരളത്തിന്‍റെ നെഞ്ചിടിപ്പേറ്റുന്നത്. ഹാരിസണ്‍ മലയാളത്തിന്‍റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രം, മുസ്ലീം പള്ളി, ഒരു കാന്‍റീന്‍, എഴുപതോളം വീടുകള്‍ എന്നിവ ഒലിച്ചു പോയെന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ രാത്രി മുതല്‍ പുത്തുമലയില്‍ ചെറിയ തോതില്‍ ഉരുള്‍ പൊട്ടലുണ്ടായിരുന്നു ഇതേ തുടര്‍ന്ന് ഇവിടെ നിന്നും ആളുകള്‍ മാറിതാമസിച്ചു. എന്നാല്‍ ആളുകള്‍ മാറിതാമസിച്ച സ്ഥലമടക്കം ഇപ്പോള്‍ മണ്ണിനടിയിലാണെന്നാണ് സംശയിക്കുന്നത്.
ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ വിവരം മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് സഹദാണ് ഏതാനും സെക്കന്‍ഡുള്ള മൊബൈല്‍ വീഡിയോയായി പകര്‍ത്തി പുറം ലോകത്തെ അറിയിച്ചത്. എന്നാല്‍ ദിവസങ്ങളായി വൈദ്യുതി ഇല്ലാത്തതിനാല്‍ സഹദ് അടക്കം പ്രദേശത്തുള്ള ആരേയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. അപകടവിവരമറിഞ്ഞ് സൈന്യത്തേയും ദേശീയദുരന്തനിവാരണസേനയേയും ജില്ലാ ഭരണകൂടം അവിടേക്ക് അയക്കുകയും രാത്രിയോടെ സംഭവസ്ഥലത്ത് എത്തിയ ഇവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയ ശേഷം സബ്ബ് കളക്ടറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് എത്തി. എന്നാല്‍ എന്താണ് പുത്തുമലയിലെ ശരിയായ ചിത്രമെന്ന് ഇനിയും വ്യക്തമല്ല.ഒറ്റപ്പെട്ട മേഖലയായ പുത്തുമലയിലേക്കുള്ള യാത്ര ദുര്‍ഘടമായ പാതയിലൂടെയാണ്. ഇവിടേക്കുള്ള ഗതാഗതം ഇപ്പോള്‍ പൊലീസ് നിയന്ത്രണത്തിലാണ്. അവിടേക്ക് പോയവരെ ആരേയും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. പോയവര്‍ ആരും മടങ്ങിയെത്തുകയും ചെയ്തിട്ടില്ല. നേരം വെളുത്താല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്നറിയാന്‍ സാധിക്കൂവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
അതേസമയം മണ്ണിടിച്ചില്‍ തടസമായതോടെ നാളെ രാവിലെ ആറ് മണിവരെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുവരെ പത്ത് പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല എന്നതാണ് ആശ്വാസകരമായ വാര്‍ത്ത. അതേസമയം രാത്രി വൈകിയും മഴ തുടരുന്ന സാഹചര്യം ആശങ്ക ജനിപ്പിക്കുന്നു. എത്രപേര്‍ കുടുങ്ങിപ്പോയി എന്നതിനെക്കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തു വരുന്നു.