ശ്രീറാം വെങ്കിട്ടരാമൻ കുരുങ്ങി!! ജാമ്യമില്ലാ കുറ്റം ചുമത്താൻ ഡി.ജി.പിയുടെ നിർദ്ദേശം

തിരുവനന്തപുരം:  കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ ഡി.ജി.പി നിർദ്ദേശം നൽകി. ശ്രീറാം വെങ്കിട്ടരാമനെ പ്രതിയാക്കിയ ശേഷം ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തും. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. കൂടാതെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. നിലവിൽ ശ്രീറാമിനെതിരെയും കാറുടമ വഫ ഫിറോസിനെതിരെയും ബോധപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

മാധ്യമപ്രവർത്തകനായ കെ എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്ന് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്‍റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

ഡി.ജി.പി ലോക്‌നാഥ് ബെഹ്റയും മുഖ്യമന്ത്രിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ ഡി.ജി.പി താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ഇന്ന് പുലർച്ചെ ഒന്നരമണിയോടെ മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് പബ്ലിക് ഓഫീസിന്റെ മതിലിനോട് ചേർന്നായിരുന്നു അപകടം. ബഷീറിന്റെ ബൈക്കിന് പിന്നിൽ അതേദിശയിൽ അമിതവേഗത്തിലെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു. ബൈക്കിനെ മതിലിനോട് ചേർന്ന് കുത്തനെ ഇടിച്ചുകയറ്റിയശേഷമാണ് കാർ നിന്നത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബഷീറിനെ മ്യൂസിയം പൊലീസെത്തി ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.പട്ടം മരപ്പാലം സ്വദേശിനി വഫ ഫിറോസ് എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ശ്രീറാമും വഫയും മാത്രമാണ് കാറിലുണ്ടായിരുന്നത്. കൊല്ലത്ത് സിറാജ് പത്രവുമായി ബന്ധപ്പെട്ട മീറ്റിംഗിൽ പങ്കെടുത്ത് തിരുവനന്തപുരത്തെത്തിയശേഷം താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ശ്രീറാമാണ് കാർ ഓടിച്ചിരുന്നതെന്നും കാർ അമിത വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷിയായ ഓട്ടോറിക്ഷ ഡ്രൈവർ ഷഫീഖ് പൊലീസിന് മൊഴി നൽകി.

Top