
ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു. തലസ്ഥാന മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പല റോഡുകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്ാ. രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തുടര്‍ച്ചയായ രണ്ടാം ദിവസവും പെയ്യുന്ന മഴയില്‍ സൗത്ത് അവന്യൂ, ഭൈറോണ്‍ മാര്‍ഗ്, ലജ്പത് നഗര്‍ മാര്‍ക്കറ്റ്, കശ്മീരി ഗേറ്റ് തുടങ്ങിയ മേഖലകളിലെല്ലാം വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. ഗതാഗതതടസ്സത്തെപ്പറ്റി ഡല്‍ഹി പൊലീസ് ട്വിറ്ററിലൂടെയും മറ്റും മുന്നറിയിപ്പു നല്‍കുന്നുണ്ട്. മധ്യപ്രദേശിലെ ഓര്‍ച്ചയില്‍ സതര്‍ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മേഖല വെള്ളത്തിനടിയിലായി. യമുന നദിയില്‍ ജലനിരപ്പുയര്‍ന്നു. വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയാണ്. മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഉത്തരാഖണ്ഡിലെ ഉയരംകൂടിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.