കൊച്ചി: ദുരിതപ്പെയ്ത്തില്‍ ഇതുവരെ ഉണ്ടായ നാശനഷ്ടങ്ങള്‍ കനത്തതാണെന്ന് വിലയിരുത്തല്‍. 24 പേരുടെ ജീവനാണ് കനത്ത മഴയില്‍ പൊലിഞ്ഞത്. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. ഇടുക്കിയില്‍ റിസേര്‍ട്ടില്‍ വിദേശികളുള്‍പ്പെടെ 30 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു. അപകടകരമായ സാഹ്യചര്യമായതിനാല്‍ സര്‍ക്കാര്‍ അടച്ചിടാന്‍ നിര്‍ദ്ദേശിച്ച റിസോര്‍ട്ടിലാണ് സംഭവം മലപ്പുറത്തും ഇടുക്കിയിലും ഒരോ കുടുംബത്തിലെ അഞ്ച് പേര്‍ വീതം മരിച്ചു. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നാവികസേനയുടെ മൂന്നു സംഘവും ഹെലിക്കോപ്റ്ററും രംഗത്തുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലെ പലയിടത്തും ഉരുള്‍പൊട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യന്ത്രി പിണറായി വിജയനെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു.
സംസ്ഥാനത്ത് 22 ഡാമുകളാണ് തുറന്നിരിക്കുന്നത്. ആദ്യാമായാണ് ഇത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായിരിക്കുന്നത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. ഇന്നലെ ട്രയല്‍ റണ്ണിന് തുറന്ന ഒരു ഷട്ടര്‍ നാല് മണിക്കൂറുകള്‍ക്ക് ശേഷം അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജലനിരപ്പ് താഴാതെ വന്നതോടെ തുറന്നിടുകയായിരുന്നു. പിന്നീടും ജലനിരപ്പ് താഴാതെ വന്നതോടെ ഇന്ന് രാവിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ മൂന്നാമത്തെ ജലസംഭരണിയായ പമ്പ ഡാം തുറക്കുന്നതിനു മുന്നോടിയായി റെഡ് അലര്‍ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 986 മീറ്റര്‍ കടന്നതിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
മലമ്പുഴ അണക്കെട്ടിനു സമീപം ഉരുള്‍പൊട്ടിയതിനു പിന്നാലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്തനിവാരണസേന കോഴിക്കോട്ടെത്തി. സംസ്ഥാനത്ത് ഇതുവരെ 24 മരണം.