കാലവര്‍ഷം ശക്തമാകുന്നു; ട്രെയിനുകള്‍ മുടങ്ങും; നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടു

സംസ്ഥാനത്തു കലിതുള്ളി തിമിർക്കുന്ന ഇടിയേ‍ാടുകൂടിയ പേമാരിക്കും കാറ്റിനും തീവ്രതകൂട്ടി ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും. ബംഗാൾ ഉൾക്കടലിൽ രൂപം കെ‍ാണ്ട ന്യൂനമർദത്തിനൊപ്പം ശാന്തസമുദ്രത്തിലെ രണ്ടു ന്യൂനമർദവും ചേർന്നതാണ് കേരളത്തെ കാലാവസ്ഥയെ പൊടുന്നനെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍.

നിലവിലെ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഇടക്കാലത്ത് വഴിമാറിയ മഴ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തേ‍ാടെയാണ് തിരിച്ചെത്തിയത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയ സൂചനകൾ അനുസരിച്ച് മുൻകരുതൽ നടപടി ആരംഭിച്ചെങ്കിലും മഴയും കാറ്റും പ്രതീക്ഷിച്ചതിലും ശക്തമായതേ‍ാടെ കാര്യങ്ങൾ തകിടം മറിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു പിന്നാലെയുണ്ടായ ശാന്തസമുദ്രത്തിലെ രണ്ട് ചുഴലികളാണ് കാറ്റിന്റെയും മഴയുടെയും തീവ്രത ഇരട്ടിയാക്കിയതെന്നാണ് ഗവേഷകരുടെ നിരീക്ഷണം. തെക്കൻ ജില്ലകളിലും നല്ല മഴ ലഭിക്കുന്നുണ്ടെങ്കിലും താരതമ്യേന തീവ്രത കുറവാണ്. ഏതാണ്ട് മധ്യകേരളം മുതൽ വടക്കേ‍ാട്ടാണ് ഇടിയേ‍ാടുകൂടിയ കനത്തമഴയും കാറ്റും അനുഭവപ്പെടുന്നതെന്ന് കെ‍ാച്ചി റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞർ പറഞ്ഞു.

ചിലയിടങ്ങളിൽ മിന്നൽ ചുഴലിക്കു സമാനരീതിയിലാണ് കാറ്റും മഴയും. പെരുമ്പാവൂരിൽ അഞ്ചു മണിയേ‍ാടെ ഒൻപതു സെന്റിമീറ്റർ വരെ മഴ ലഭിച്ചത് ഇതിന് ഉദാഹരണമാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി നാശത്തിന്റെ സ്വാധീനം അസാധാരണ മാറ്റത്തിനു പിന്നിലുണ്ടെന്നു പരിസ്ഥിതി പ്രവർത്തകർ വിലയിരുത്തുന്നു.

ഊട്ടി, നീലഗിരി വനമേഖല കേന്ദ്രീകരിച്ച് അഞ്ചു ദിവസമായി കനത്തമഴയാണ്. അതേ‍ാടെ അട്ടപ്പാടിയിലെ ഭവാനി, ശിരുവാണി പുഴ കരകവിഞ്ഞ് മേഖലയിലെ പല കുടുംബങ്ങളും ഒറ്റപ്പെട്ടു. പിന്നീട് നിലമ്പൂരിലും വയനാട്ടിലും ഇതിന്റെ ആഘാതമുണ്ടായി. കാലവർഷകാറ്റിന്റെ ഗതിമാറ്റമാണ് വടക്കുകേന്ദ്രീകരിച്ചുള്ള മഴയുടെ പിന്നിലെന്നാണു നിഗമനം. അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പെങ്കിലും ഞായറാഴ്ചയേ‍ാടെ ശക്തി കുറയുമെന്നാണ് നിരീക്ഷണം.

ചാലക്കുടി പുഴയിൽ ജലം ക്രമാതീതമായി ഉയരുന്നു. വെള്ളം ഒഴുകി പെരിയാറിലേക്കാണ് എത്തുന്നത് അതിനാൽ തൃശൂർ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതി തീവ്ര മഴയുടെ സാഹചര്യത്തിൽ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് അറിയിച്ചിട്ടുണ്ട്.

മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷനും ഈ നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

കനത്തമഴയും മണ്ണിടിച്ചിലും കാരണം ഗവിയിലേക്കുള്ള വിനോദസഞ്ചാരം വനം വകുപ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി നിര്‍ത്തിവച്ചിട്ടുള്ളതായാണ് ലഭ്യമായ വിവരം. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ കീഴിലെ ഗവി-കക്കി ഇക്കോ ടൂറിസം വെബ്‌സൈറ്റ് മുഖേനയാണ് ഗവി യാത്രയ്ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിച്ചിരുന്നത്.

അതേസമയം, അടുക്കത്ത് ഉരുൾപൊട്ടി മീനച്ചിലാർ കരകവിഞ്ഞു. പാലാ നഗരം വെള്ളത്തിൽ മുങ്ങി. രാത്രി മുഴുവൻ തുടർന്ന ശക്തമായ മഴയെ തുടർന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഉരുൾപൊട്ടിയത്. ഇതേ തുടർന്ന് പാലാ പൊലീസ് നഗരത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി വ്യാപാരികൾക്കുൾപ്പെടെ ജാഗ്രതാ നിർദ്ദേശം നൽകി. ഇതേ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ നീക്കം ചെയ്തു.
മൂന്നാനി, കൊട്ടാമറ്റം ബസ് ടെർമിനൽ, ചെത്തിമറ്റം, മുത്താലി, പുലിയന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറ്റിൽ വെള്ളം വരവ് ശക്തമായി തുടരുകയാണ്.

ആലപ്പുഴയ്ക്കും- മാരാരിക്കുളത്തിനും ഇടയിൽ ട്രാക്കില്‍ മരം വീണ് വൈദ്യുതി ലൈനിൽ തകരാർ സംവിച്ചതിനാൽ എറണാകുളം ആലപ്പുഴ സെക്ഷനിൽ ട്രെയിൻ ഗതാഗതം വൈകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മരം മുറിച്ചു മാറ്റി വൈദ്യുത ലൈനുകള്‍ പുനഃസജ്ജീകരിക്കുകയാണ്. ഗുരുവായൂർ, മാവേലി, ധൻബാദ്, രാജധാനി എന്നീ ട്രെയിനുകൾ വൈകിയോടുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടിരിക്കുന്നതായാണ് വിവരം. റൺവെയിൽ വെള്ളം കയറിയതിനെ തുടർന്നാണ് നടപടി. വിമാനത്താവളത്തിൻ്റെ പ്രവർത്തന മേഖലയുടെ 60 ശതമാനവും നിലവിൽ വെള്ളത്തിനടിയിലാണ്. ടെർമിനൽ മൂന്നിലെ ചരക്കു കയറ്റുന്ന ഭാഗം, ഫയർ സ്റ്റേഷൻ, ടാക്സി വേ തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളം കയറി. കൊച്ചി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ സർവീസ് തടസപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും പാളത്തിൽ മരം വീണതിനാലാണ് യാത്ര തടസ്സപ്പെട്ടത്.

ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് മേപ്പാടി പുത്തുമല തകര്‍ന്നതിന് പിന്നാലെ വടകരയിലും, വയനാട്ടിലും വീണ്ടും ഉരുൾപൊട്ടലുണ്ടായി. പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കൂടുതൽപേർ കുടുങ്ങി കിടക്കുന്നതായാണ് നിഗമനം. വയനാട് മേപ്പാടിയിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങി. ഫയർഫോഴ്സ്, പൊലിസ് , വിവിധ സേനാ വിഭാഗങ്ങൾ, ദുരന്തനിവാരണ സേന, റവന്യൂ വകുപ്പ് , നാട്ടുകാർ തുടങ്ങിയവരുടെ സംയുക്ത നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. പത്തനംതിട്ട എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷം

എന്നാല്‍, വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്.

കക്കയം ഡാം അല്പസമയത്തിനുള്ളിൽ മൂന്ന് അടി വരെ തുറക്കും . നിലവിൽ 45 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം. ചെറുവണ്ണൂർ, കുറ്റ്യാടി, തിരുവള്ളൂർ, പേരാമ്പ്ര, തുറയൂർ, ആയഞ്ചേരി, മരുതോങ്കര, ചക്കിട്ടപ്പാറ, മങ്ങരോത്ത്, വേളം, മണിയൂർ പഞ്ചായത്തുകൾക്കും വടകര, പയ്യോളി നഗരസഭകൾക്കും ആണ് നിർദേശം നൽകിയത്.

Top