ഇടമുറിയാതെ മഴ തുടരുന്നു: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികളില്‍നിന്നു കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും നല്‍കുന്ന സമീകൃത ആഹാരവിതരണത്തിനു തടസ്സം ഉണ്ടാകാതിരിക്കാന്‍ ഐസിഡിഎസ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ചൊവ്വാഴ്ചത്തെ അവധിക്ക് പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കും. തീയതി പിന്നീട് അറിയിക്കും.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്ഇ, സിബിഎസ്ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ ചില ഭാഗങ്ങളിലും അവധി പ്രഖ്യാപിച്ചു. അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചെങ്ങന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുമാണ് 17നു ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

അതേസമയം, മഹാത്മാഗാന്ധി സര്‍വകലാശാല ജൂലൈ 17ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ജൂലൈ 16, 17 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ച പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

Top