കണ്ണൂര്‍: നാശം വിതച്ച പ്രളയ ദുരന്തത്തിനിടയിലും ചില മലയാളികള്‍ തങ്ങളുടെ വൃത്തികെട്ട രൂപം പുറത്തെടുത്തു. സേനയെ അടക്കം കുഴക്കുന്ന പ്രവൃത്തികളാണ് ചിലരില്‍ നിന്നും ഉണ്ടായത്. ഇതിലൂടെ ദുരന്തത്തില്‍പ്പെട്ട അനേകം പേരെ രക്ഷിക്കാനുള്ള വിലപ്പെട്ട സമയം പാഴായി. ചെങ്ങന്നൂരിലെ ആറാട്ടുപുഴ മേഖലയില്‍ കഴിഞ്ഞ ഞായറാഴ്ച രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വ്യോമസേനാ ഹെലികോപ്റ്ററിലുള്ളവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
ഹെലികോപ്റ്ററിന് നേരെ നേരെ ജോബി ജോയ് എന്ന യുവാവ് രക്ഷയ്ക്കായി കൈവീശിക്കാട്ടി. ഉടന്‍ ഹെലികോപ്റ്റര്‍ താഴ്ത്തി ജോബിയെ എടുത്തുയര്‍ത്തി. കോപ്റ്ററിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ എവിടേക്കാണു കൊണ്ടുപോകുന്നതെന്നായി ജോബിയുടെ ചോദ്യം. തിരുവനന്തപുരത്തേക്കാണെന്ന് അറിയിച്ചപ്പോള്‍, രക്ഷപ്പെടുകയായിരുന്നില്ല ലക്ഷ്യമെന്നും ഹെലികോപ്റ്ററില്‍ കയറണമെന്ന ആഗ്രഹം കൊണ്ടാണ് കൈവീശിയതെന്നും യുവാവ് പറഞ്ഞു.
ദുരിതത്തില്‍പ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാനുള്ള അവസരം ഇത്തരം ചിലര്‍ നഷ്ടപ്പെടുത്തുന്നതായി വ്യോമസേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രായം ചെന്നവര്‍ പോലും ആരോഗ്യത്തെ അവഗണിച്ച് ഹെലികോപ്റ്ററിലേക്ക് എടുത്തുയര്‍ത്തുന്നതിനോടു സഹകരിച്ചു. എന്നാല്‍ ചിലരെങ്കിലും രക്ഷാപ്രവര്‍ത്തനത്തെ തമാശയായാണു കണ്ടത്. ചുവന്ന ഷര്‍ട്ട് വീശിക്കാണിച്ചപ്പോള്‍ താഴേക്കു വന്ന ഹെലികോപ്റ്ററിനൊപ്പം സെല്‍ഫിയെടുത്ത ശേഷം പൊയ്‌ക്കൊള്ളാന്‍ പറഞ്ഞ സംഭവവും ഉണ്ടായെന്ന് വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം വ്യോമസേന ആവശ്യപ്പെട്ടതനുസരിച്ചാണ് ഹെലികോപ്റ്ററില്‍ കയറിയതെന്ന് ജോബി ജോയ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. 14ന് രാത്രി മുതല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഞാനും സുഹൃത്തുക്കളും. ഞായറാഴ്ച വെള്ളം ഇറങ്ങിക്കഴിഞ്ഞ് ഞങ്ങള്‍ നടന്നു പോകുമ്പോള്‍ ഒരു ഹെലികോപ്റ്റര്‍ താഴ്ന്നു വന്നു. അതില്‍ നിന്ന് ഒരാള്‍ താഴേക്കിറങ്ങി. കൂടെ വരുന്നുണ്ടോ എന്നു ചോദിച്ചു.
മറ്റുള്ളവരെ രക്ഷിക്കാന്‍ ഒപ്പം വരുന്നോ എന്നു ചോദിക്കുന്നതായാണു തോന്നിയത്. അങ്ങനെ ഹെലികോപ്റ്ററില്‍ കയറി. തിരുവനന്തപുരത്തേക്കു പോകുന്നുവെന്നു പറഞ്ഞപ്പോഴാണ് എന്നെ രക്ഷിക്കുകയായിരുന്നു എന്നു മനസിലായത്. അതിനു ശേഷം എന്റെ പേരില്‍ ഒട്ടേറെ വ്യാജ പ്രചാരണങ്ങള്‍ നടക്കുകയാണെന്നും ജോബി ജോയ് പറഞ്ഞു.