വിവാദങ്ങൾക്ക് ഇടവേള;ഹൃദയവുമായി പവൻഹാൻസ് പറന്നിറങ്ങിയത് മലയാളിയുടെ മനസിലേക്ക്.ലാലിയുടെ ഹൃദയം ലീനയിൽ മിടിച്ചു തുടങ്ങി.ഹേമ ശിവപ്രസാദ് എഴുതുന്നു.

ഹേമ ശിവപ്രസാദ്

തിരുവനന്തപുരം :വിവാദങ്ങൾ തൽക്കാലത്തേക്ക് മാറ്റി നിർത്താം. പകരം ഈ ചരിത്ര നിമിഷത്തിന് കയ്യടിക്കാം. മസ്തിഷ്ക്ക മരണം സംഭവിച്ച അമ്പതുകാരിയുടെ ഹൃദയവുമായി പവൻഹാൻസ് എയർ ആംബുലൻസ് തിരുവനന്തപുരത്തു നിന്ന് കൊച്ചിയിൽ പറന്നിറങ്ങിയപ്പോൾ യാഥാർത്ഥ്യമായത് മലയാളികളുടെ കുറേ നാളുകളായുള്ള മുറവിളി കൂടിയാണ്. വിജയിക്കുന്നത് ,ആരോഗ്യ മേഖലയിൽ ലോകത്തിലെ വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന കൊച്ചു കേരളത്തിൽ, ചികിത്സാ സൗകര്യത്തിന്റെ അപര്യാപ്തത കൊണ്ട് ഒരു ജീവൻ പോലും പൊലിയരുതെന്ന വാശി കൂടിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ ഹൃദയമാണ് സർക്കാർ വാടകക്കെടുത്ത് വിവാദമായ പവൻ ഹാൻസ് എയർ ആംബുലൻസിൽ ഇന്ന് കൊച്ചിയിൽ എത്തിച്ചത്. വൈകിട്ട് 3.50 ഓടെ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹെലിപാഡിലാണ് എയർ ആംബുലൻസ് ഇറങ്ങിയത്. തുടർന്ന് ഹൃദയം റോഡുമാർഗ്ഗം ലിസി ആശുപത്രിയിലേക്ക് കൊണ്ടു പോയി. സർക്കാരിന്റെ അവയവദാന സംവിധാനം വഴി രജിസ്റ്റർ ചെയ്ത കോതമംഗലം സ്വദേശിനിക്കാണ് ഹൃദയം വച്ചു പിടിപ്പിക്കുന്നത്. ലിസി ആശുപത്രിയിലെ ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് അവയവദാനത്തിനായി ഹൃദയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്..

മാർച്ചിൽ പോലീസിനായി ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ ഒന്നരക്കോടി രൂപ സർക്കാർ ട്രഷറിയിൽ നിന്നും കൈമാറിയത് വലിയ വിവാദമായിരുന്നു. കോവിഡ് പ്രതിസന്ധിമൂലമുള്ള ചെലവ് ചുരുക്കലിനിടെയായിരുന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവൻഹാൻസ് കമ്പനി ലിമിറ്റഡിന് സർക്കാർ ഒന്നരക്കോടി രൂപ കൈമാറിയത്. ഇത് അമിത ധൂർത്താണെന്നായിരുന്നു പ്രതിപക്ഷാരോപണം.

ഹെലികോപ്ടറില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും സ്വന്തമായി വാങ്ങുന്നതിനേക്കാൾ വാടകക്ക് എടുക്കുന്നതാണ് നല്ലതെന്ന് മനസിലാക്കിയാണ് തീരുമാനമെന്നും വിശദീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തു. ഈ വിവാദത്തിനിടയിലാണ് അവയവദാനത്തിനായി ഹെലികോപ്ടർ ഉപയോഗിച്ചിരിക്കുന്നത്. വാടകയ്ക്ക് എടുത്ത ശേഷമുള്ള ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യമായിരുന്നു ഇത്.

ഭൂമി ശാസ്ത്രപരമായി ഒറ്റപ്പെട്ടുകിടക്കുന്നതും വികസനം കടന്നു ചെല്ലാത്തതുമായ കാസർകോട്, വയനാട് പോലുള്ള ജില്ലകളെയാണ് ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്തത ഏറെ ബാധിച്ചിരിക്കുന്നത്. പലപ്പോഴും അത്യാസന്ന നിലയിലായ രോഗികളെയും കൊണ്ട് ട്രാഫിക് ബ്ലോക്കും കുണ്ടും കുഴികളും നിറഞ്ഞ റോഡും താണ്ടി മികച്ച സൗകര്യങ്ങൾ ഉള്ള ആശുപത്രികളിൽ എത്തിക്കുമ്പോഴേക്കും ജീവൻ പൊലിഞ്ഞിട്ടുണ്ടാകും.

കഴിഞ്ഞ വർഷം ഏപ്രിലിൽ 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിദഗ്ധ ചികില്‍സക്കായി മംഗലാപുരത്തുനിന്ന്  തിരുവനന്തപുരത്ത് റോഡ് മാര്‍ഗം എത്തിക്കാൻ ശ്രമിച്ചത് മലയാളികൾ ഇന്നും മറന്നു കാണില്ല. ചങ്കിടിപ്പോടും പ്രാർത്ഥനയോടും കൂടിയാണ് അന്ന് കേരളീയർ ആ മണിക്കൂറുകൾ തള്ളി നീക്കിയത്. പിന്നീട് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളാവാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അന്നാണ് സംസ്ഥാനത്ത് അത്യാസന്ന നിലയിൽ ഉള്ള രോഗികൾക്കായി എയർ ആംബുലൻസ് വേണമെന്ന ആവശ്യം ശക്തമായി ഉയർന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എയർ ആംബുലൻസ് പദ്ധതിക്കായി നടപടികൾ തുടങ്ങിയെങ്കിലും സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് പിന്നീട് ഇടതു സർക്കാർ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 2015 ലാണ് എയർ ആംബുലൻസ് സംസ്ഥാനത്ത് ആദ്യമായി ഉപയോഗിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച നീലകണ്ഠന്റെ ഹൃദയവുമായി അന്ന് തിരുവനന്തപുരത്തു നിന്ന് കൊച്ചിയിൽ എയർ ആംബുലൻസ് എത്തിച്ചേർന്നത് വെറും പതിനഞ്ച് മിനിട്ടു കൊണ്ട്.

സാമ്പത്തിക ഇടപാടുകളും വിവാദങ്ങളും അധികൃതർ അന്വേഷിച്ച് നടപടി എടുക്കട്ടെ. ഒരു ജീവൻ നിലനിർത്താനായി വേണ്ടത് ചെയ്തു എന്ന ചാരിതാർത്ഥ്യം അപ്പോഴും ബാക്കിയാകും

Top