ബോളിവുഡിന്റെ മുന്‍ സ്വപ്നസുന്ദരി ഹേമമാലിനി ജനലക്ഷങ്ങള്‍ ഇപ്പോഴും ആരാധകരുള്ള നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമാണ്. മഥുരയില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ ഹേമമാലിനിയുടെ പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഹേമമാലിനി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്നതും ഗോതമ്പു പാടത്ത് കൊയ്യുന്നതുമായ രണ്ട് ചിത്രങ്ങള്‍ ചേര്‍ത്തു വെച്ചുള്ള പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പ്രചരണത്തിലെ പ്രഹസനങ്ങളുടെ അവസാന വാക്കാണ് ഹേമമാലിനി എന്നാണ് വിമര്‍ശകര്‍ പറയുന്നത്. സണ്‍ഗ്ലാസുവച്ച് എസി കാറില്‍ യാത്രചെയ്ത് പ്രസംഗിക്കാന്‍ സണ്‍ റൂഫുള്ള എസ്യുവി കൂടാതെ കുടയും പിടിച്ച് അംഗരക്ഷകരും ഒക്കെയായി സ്റ്റാര്‍ സിനിമകളുടെ സ്റ്റൈലിലാണ് ഹേമമാലിനിയുടെ പ്രചരണം കൊഴുക്കുന്നത്.
ഹേമമാലിനിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്നതു മഥുരയിലെ ഗോവര്‍ധനില്‍ പാടത്തുകൂടി ട്രാക്ടര്‍ ഓടിക്കുന്ന ചിത്രങ്ങളാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എന്നാല്‍ ഡ്രൈവിങ് സീറ്റിന്റെ വലത്തുവശത്തു വലിയ ഡ്രം പോലിരിക്കുന്നവ എന്താണെന്ന ചോദ്യം ചിത്രം പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി.
തണുത്ത കാറ്റ് പുറപ്പെടുവിക്കുന്ന കൂളര്‍ സംവിധാനമാണ് അതില്‍ ഘടിപ്പിച്ചിരിക്കുന്നതെന്നാണു വിമര്‍ശകര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായിരുന്ന ഒമല്‍ അബ്ദുല്ലയും ഹേമയെ വിമര്‍ശിച്ചു രംഗത്തെത്തി.
മഥുര മണ്ഡലത്തിലെ പ്രചാരണം ഹേമമാലിനി ‘സ്‌റ്റൈലിഷ്’ ആയി ആരംഭിച്ചത് ഗോതമ്പു പാടത്ത് വിളവെടുത്തു കൊണ്ടായിരുന്നു. സ്വര്‍ണ നിറമുള്ള സാരി ധരിച്ച് ഗോവര്‍ധന്‍ ക്ഷേത്രയിലെ പാടത്തു വിളവെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹേമ തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. പാടത്തു പണിയെടുക്കുന്ന സ്ത്രീകളോടു സംസാരിക്കാന്‍ കിട്ടിയ അവസരമാണിതെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.