സ്വന്തം ലേഖകൻ
തിരുവനന്തപുരം : സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ ഹൈക്കോടതി. കോൺവെന്റിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും സംരക്ഷണമൊരുക്കണമെന്ന സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ ആവശ്യത്തോടൊപ്പം നിൽക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സിസ്റ്റർ ലൂസിയുടെ ഹർജി പരിഗണിച്ച കോടതി കോൺവെന്റിൽ തുടരാൻ കഴിയില്ലെന്ന നിലപാട് ആവർത്തിക്കുകയായിരുന്നു.സിസ്റ്റർ കോൺവെന്റിന് പുറത്ത് എവിടെ താമസിച്ചാലും സംരക്ഷണം നൽകാമെന്നും കോടതി അറിയിച്ചു.
എന്നാൽ 39 വർഷമായി തുടരുന്ന തന്റെ സന്ന്യാസം തുടരാൻ അനുവദിക്കണമെന്നും കോൺവെന്റിൽ തുടരാൻ അനുവദിക്കണമെന്നും വികാരാധീനയായി ലൂസി കളപ്പുരക്കൽ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
അഭിഭാഷകരൊന്നും വക്കാലത്ത് ഏറ്റെടുക്കാത്ത സാഹചര്യത്തിൽ ലൂസി കളപ്പുരക്കൽ കോടതിയിൽ നേരിട്ട് വാദിക്കുകയായിരുന്നു. മാനന്തവാടി കോടതിയിൽ നൽകിയ ഹർജി തീർപ്പാക്കുന്നത് വരെ കോൺവെന്റിൽ തുടരാൻ അനുവദിക്കണമെന്നും സംരക്ഷണം വേണമെന്നുമായിരുന്നു ആവശ്യം.
എന്നാൽ മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ തയ്യാറാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ലൂസി കളപ്പുര എവിടെയാണോ താമസിക്കുന്നത് അവിടെ സംരക്ഷണം നൽകാമെന്ന് പോലീസും കോടതിയെ അറിയിച്ചു.