വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്നാണ് കോടതി പറഞ്ഞത്. ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.
മുസ്ലിം എജ്യൂക്കേഷൻ സൊസൈറ്റി ഇലക്ഷനിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതും ജാമ്യപേക്ഷയിൽ പറയുന്ന കാര്യങ്ങളും പരസ്‌പരവിരുദ്ധം ആണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. മത്സരിക്കുന്നത് ജയിലിൽ പോയിട്ടുമാകാമെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
നോമിനേഷൻ നൽകാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം എന്ന് കോടതി പറഞ്ഞു. ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചത്. പക്ഷേ ഇപ്പോൾ നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നു. അത് ജയിലിൽ പോയിട്ടും ആകാമെന്ന് കോടതി വിമർശിച്ചു.
അതേസമയം, ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയിൽ പറഞ്ഞു. വിദഗ്ദ്ധ ഡോക്‌ടർമാരുടെ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണമെന്നും സർക്കാർ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ സമയം വേണമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കേസ് വെളളിയാഴ്‌ച വീണ്ടും പരിഗണിക്കും