തിരുവനന്തപുരം:കത്തോലിക്ക സഭയുടെ ഇരട്ടത്താപ്പിന് എതിരെ അതിശക്തമായി പ്രതികരിച്ചുകൊണ്ട് സ്വാമി ഹിമവല്‍ ഭദ്രാനന്ദ രംഗത്ത് പീഡനക്കേസുകളില്‍പെട്ട അച്ചന്മാരേയും കന്യാസ്ത്രീകളേയും അതുപോലെ അഭയ കേസിലുമെല്ലാം പ്രതികള്‍ക്കുവേണ്ടിപോലും സമര്‍ത്ഥമായ ഇടപെടല്‍ നടത്തിയവര്‍ എന്തുകൊണ്ട് ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് ഇറങ്ങുന്നില്ലെന്ന് സ്വാമി ഭദ്രാനന്ദ ചോദിക്കുന്നു.ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനെ മോചിപ്പിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ക്രിസ്തീയ സഭകളോ മുട്ടിനുമുട്ടിന് മതസൗഹാര്‍ദ്ദം പ്രസംഗിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വമോ ഒരു ചുക്കും ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി സ്വാമി ഹിമവല്‍ ഭദ്രാനന്ദ.
ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ താല്‍പര്യം കാട്ടാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി താന്‍ നേരിട്ടുബന്ധപ്പെടുമെന്നും ആ സന്യാസിവര്യ തുല്യനായ വൈദികന്റെ മോചനത്തിനായി പരിശ്രമിക്കുമെന്നും സ്വാമി ഭദ്രാനന്ദ വ്യക്തമാക്കി.കപട മതേതരത്വമാണ് ബിജെപി സംസ്ഥാന നേതാക്കളുടേതെന്ന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഭദ്രാനന്ദ അമൃതാനന്ദമയിക്ക് ഇപ്പോള്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത് തിരഞ്ഞെടുപ്പുകാലത്ത് ബിജെപിയെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണെന്നും ആരോപിച്ചു.ഉഴുന്നാലിന്റെ മോചനത്തിനുവേണ്ടി ഇടപെടണമെന്ന് നിരവധി ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ തന്നെ എന്നോട് വന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുമായും എംബസിയുമായും സുഷമാസ്വരാജുമായും ബന്ധപ്പെട്ട് പോംവഴി തേടുന്നതെന്നും സ്വാമി പറയുന്നു.
സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ക്രിസ്തീയ പ്രീണനത്തിന്റെ പേരുപറഞ്ഞ് ഓടുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. സനാതന ധര്‍മ്മത്തെ പൂര്‍ണമായും കുഴിച്ചുമൂടിക്കൊണ്ട് ഒരു വര്‍ഗീയ സ്ഥിതിയുണ്ടാക്കാനാണ് അവരുടെ നോട്ടം. കൂട്ടത്തില്‍ ചേരാത്ത ആള്‍ക്കാരെ വ്യക്തിഹത്യ ചെയ്യാനും ഒറ്റപ്പെടുത്താനുമാണ് അവരുടെ ശ്രമം. മുസ്‌ളീങ്ങളെപ്പറ്റി ആരെങ്കിലും നല്ലതുപറഞ്ഞാല്‍ അപ്പോള്‍ പാക്കിസ്ഥാനില്‍ നിന്ന് പണം വാങ്ങിയിട്ടാണെന്ന് പറയും. ക്രിസ്ത്യാനികളെ പറ്റി പറഞ്ഞാലും അതുതന്നെ സ്ഥിതി. സനാതന ധര്‍മ്മത്തിന് നേരേ വിപരീതമാണ് ഇവിടെ ബിജെപി നേതാക്കളുടെ പ്രവര്‍ത്തനമെന്നും സ്വാമി ഭദ്രാനന്ദ ആരോപിക്കുന്നു.
എല്ലാ വ്യക്തിക്കും പൂര്‍ണ സ്വാതന്ത്ര്യമാണ് സനാതന ധര്‍മ്മം അനുശാസിക്കുന്നത്. അവന് സന്തോഷത്തോടെ പോകാന്‍ വഴിയൊരുക്കുകയാണ് വേണ്ടത്. നമ്മുടെ സുഖത്തിന് ആചരിക്കുന്നത് അപരനും സുഖത്തിനായി വരേണമെന്ന ഗുരുവാക്യം ആണ് ഓര്‍ക്കേണ്ടത്. ദൈവ നിഷേധികളായ ചാര്‍വാകന്മാര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം കൊടുക്കുന്നതായിരുന്നു സനാതന ധര്‍മ്മം.എന്നാല്‍ ഇവിടെ ഹിന്ദുത്വം എന്ന മുറവിളിയുമായി ഇറങ്ങിയിരിക്കുകയാണ് ഒരു കൂട്ടര്‍. അത് മാരകരോഗമായ എയ്ഡ്‌സ് പോലെയാണ്. അവരുമായി ബന്ധപ്പെടുന്നവരിലേക്കെല്ലാം അത് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ലൗജിഹാദും ബീഫും പോലെ ആവശ്യമില്ലാത്ത പ്രശ്‌നങ്ങളുണ്ടാക്കാനാണ് കേരളത്തിലെ നേതാക്കള്‍ ശ്രമിക്കുന്നത്.
സനാതന ധര്‍മ്മം ആല്‍വൃക്ഷമാണെങ്കില്‍ അതില്‍ പറ്റിക്കിടക്കുന്ന ഇത്തിളാണ് ഹിന്ദുത്വം. അത് തിരിച്ചറിയപ്പെടണം. ഇവിടെ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച് ഹിന്ദുത്വമാണ് സനാതനധര്‍മ്മമെന്ന നിലയില്‍ പ്രചരിപ്പിക്കുകയാണ് ഇക്കൂട്ടര്‍. ഈശ്വരന്റെ പേരില്‍ തൂങ്ങിക്കിടക്കുന്ന ജീര്‍ണിച്ച ജന്തുക്കളാണ് ഇവിടെ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. അറിവുള്ള ഒരു സന്യാസിയും ഒരു മതത്തെ മാത്രം സപ്പോര്‍ട്ടു ചെയ്യില്ല.കേരളത്തില്‍ വളരെ പ്‌ളാന്‍ചെയ്ത് അജണ്ടകള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ബിജെപിയെന്നും എസ്എന്‍ഡിപിയെയും അമൃതാനന്ദമയീ മഠത്തെയുമെല്ലാം കൂട്ടുപിടിച്ച് ഇവിടെ പിടിമുറുക്കാനാണ് സംഘപരിവാര്‍ ശക്തികളുടെ ശ്രമമെന്നും ഇത് ചെറുക്കപ്പെടണമെന്നും സ്വാമി ഭദ്രാനന്ദ പറഞ്ഞു.
ഉഴുന്നാലിന്റെ കാര്യത്തില്‍ സഭ ഒന്നും മിണ്ടുന്നില്ല. ഭാരതത്തിലെ എല്ലാവരും അദ്ദേഹത്തെ ജാതിമത ഭേദമെന്യേ ഭാരതത്തിന്റെ സന്യാസിയായി കാണണം. അദ്ദേഹത്തിന്റെ വേദന നമ്മുടെ വേദനയായി കാണണം. അതുകൊണ്ട് മോദി അദ്ദേഹത്തെ അഹിന്ദുവായി മാറ്റിനിര്‍ത്താതെ നമ്മുടെ അംശമായി കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭദ്രാനന്ദ വ്യക്തമാക്കി. അതുകൊണ്ടാണ് ഇത്തരമൊരു ഉദ്യമം നടത്താന്‍ ഒരുങ്ങുന്നതെന്നും ഭദ്രാനന്ദ വ്യക്തമാക്കുന്നു. നിരവധി ക്രിസ്ത്യന്‍ സഹോദരങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിനോട് നേരിട്ട് ബന്ധപ്പെടുന്നതെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.