ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ തല്ലാന്‍ സഹപാഠിയോട് ആവശ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി അധ്യാപിക. വൈറല്‍ ക്ലിപ്പ് വര്‍ഗീയമായി വളച്ചൊടിച്ചതാണെന്നാണ് ത്രിപ്ത ത്യാഗിയുടെ വാദം. തന്റെ നടപടി വര്‍ഗീയ സ്വഭാവമുള്ളതാണെന്ന ആരോപണം നിഷേധിച്ച ത്രിപ്ത, കുട്ടി ഗൃഹപാഠം ചെയ്യാത്തതിനാലാണ് വിദ്യാര്‍ത്ഥികളോട് തല്ലാന്‍ ആവശ്യപ്പെട്ടതെന്നും പറഞ്ഞു. ഇതൊന്നും അത്ര വലിയ പ്രശ്‌നമല്ലെന്നും അധ്യാപിക വ്യക്തമാക്കി.
‘കുട്ടികളോട് കര്‍ക്കശമായി പെരുമാറാന്‍ രക്ഷിതാക്കളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ഞാന്‍ വികലാംഗയാണ്, അതിനാല്‍ ഗൃഹപാഠം ചെയ്യാതിരുന്ന ഒരു കുട്ടിയെ തല്ലാന്‍ ചില വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഇനിയൊരിക്കലും ഗൃഹപാഠം ചെയ്യാന്‍ അവന്‍ മറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്’ ത്രിപ്ത ത്യാഗി പറയുന്നു. മുഴുവന്‍ വീഡിയോയില്‍ നിന്നും വര്‍ഗീയ ആംഗിള്‍ വരുന്ന ഭാഗം മാത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്നും അവര്‍ ആരോപിച്ചു.
”കുട്ടിയുടെ കസിന്‍ ക്ലാസില്‍ ഇരിക്കുകയായിരുന്നു. വീഡിയോ അയാള്‍ റെക്കോര്‍ഡ് ചെയ്തതാണ്, അത് പിന്നീട് വളച്ചൊടിക്കുകയായിരുന്നു” അവര്‍ പറഞ്ഞു. ഇതൊരു ചെറിയ പ്രശ്നമാണെന്നും വീഡിയോ വൈറലായതിന് ശേഷം അത് പെരുപ്പിച്ച് കാണിക്കുകയാണെന്നും ത്യാഗി കുറ്റപ്പെടുത്തി.
”ഇതൊരു ചെറിയ വിഷയമായിരുന്നുവെന്നാണ് രാഷ്ട്രീയക്കാരോട് എനിക്ക് പറയാനുളളത്. അതേസമയം അധ്യാപികയ്ക്കെതിരെ കേസെടുത്തതായി മുസാഫര്‍നഗര്‍ ജില്ലാ മജിസ്ട്രേറ്റ് അരവിന്ദ് മല്ലപ്പ ബംഗാരി പറഞ്ഞു.