തിരുവനന്തപുരം: താന്‍ തെറ്റ് ചെയ്ത ഒരു വ്യക്തായണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജിയോടെ തെളിഞ്ഞു എന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.തെറ്റുകാരനല്ലെന്ന് കോടതി പ്രഖ്യാപിച്ചപ്പോഴും രാജി മാര്‍പ്പാപ്പയുടെ മുന്നില്‍ സമര്‍പ്പിച്ചത് സ്വയം തെറ്റുകാരനാണെന്ന് ബോധ്യമുള്ളതിനാലാണ്. രാജി മാര്‍പ്പാപ്പ അംഗീകരിക്കുമ്പോള്‍ പ്രത്യക്ഷമായും ആ സ്ഥാനത്ത് അയോഗ്യനാണെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിക്കുകയാണെന്നും സിസ്റ്റര്‍ പറഞ്ഞു. ഇതിനെ നല്ലൊരു ലക്ഷണമായിട്ടാണ് കാണേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതിയില്‍ കുറ്റം അദ്ദേഹം ഏറ്റുപറയുമെന്ന് പ്രതീക്ഷിക്കാമെന്നും സിസ്റ്റര്‍ പറഞ്ഞു. നിഷ്‌കളങ്കയായ കന്യാസ്ത്രീയെയാണ് അദ്ദേഹം ദാരുണമായി ഇത്രയും നീണ്ടകാലം പീഡിപ്പിച്ചതെന്നും സിസ്റ്റര്‍ വിമര്‍ശിച്ചു. വ്യാജ പ്രഖ്യാപനത്തിലൂടെ സ്ഥാനത്ത് ഇരുന്നുകൊണ്ട് സിസ്റ്ററിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യകയും സിസ്റ്ററിനെ പീഡിപ്പിക്കുകയും ചെയ്‌തെന്നും അവര്‍ പറഞ്ഞു.
ജലന്ധര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ രാജി വെച്ചത്. രാജി മാര്‍പ്പാപ്പ സ്വീകരിക്കുകയായിരുന്നു. രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു. ഇനി മുന്‍ ബിഷപ്പ് എന്നായിരിക്കും ഫ്രാങ്കോ അറിയപ്പെടുകയെന്നും വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
രൂപതാ ഭരണകാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് രാജി സ്വീകരിച്ചതെന്ന് ഇന്ത്യന്‍ വത്തിക്കാന്‍ സ്ഥാനപതി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം നേരത്തെ തന്നെ ഫ്രാങ്കോ മുളയ്ക്കല്‍ രാജി കത്ത് നല്‍കിയിരുന്നു.ബിഷപ്പായിരിക്കെ 2014നും 2016നും ഇടയില്‍ കോട്ടയം കോണ്‍വെന്റിലെത്തിയപ്പോള്‍ പല തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഫ്രോങ്കോയെ വെറുതെ വിട്ടിരുന്നു.