തിരുവനന്തപുരം: കുപ്രസിദ്ധ ഹൈടെക് മോഷ്ടാവ് ബണ്ടിചോറിന് പത്തുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മോഷണക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പട്ടത്തുള്ള വീട്ടില്‍ നിന്നും കാറും ലാപ്‌ടോപ്പും മോഷ്ടിച്ച കേസിലാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ബണ്ടി സ്ഥിരം കുറ്റവാളിയാണെന്നും പരമാധവധി ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ബണ്ടി ചോര്‍ കുറ്റക്കാരനെന്നു ഏപ്രിലില്‍ 12ന് കോടതി കണ്ടെത്തിയിരുന്നു. മുട്ടടയിലെ വേണുഗോപാല്‍ നായരുടെ വീട്ടില്‍ നിന്നു കാറും മൊബൈല്‍ ഫോണുമുള്‍പ്പെടെ 29 ലക്ഷം രൂപ വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്‌തെന്നാണു കേസ്.
ഭവന ഭേദനം, കവര്‍ച്ച, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു ബണ്ടി ചോറിനെതിരെ ചുമത്തിയത്. രാജ്യത്താകെ മുന്നൂറിലേറെ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ചു പരമാവധി ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കേസില്‍ ബണ്ടിചോര്‍ മാത്രമാണു പ്രതി. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും മോഷണ മുതലുകള്‍ കൈകാര്യം ചെയ്യുന്നയാളെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സമാനകേസുകളില്‍ ബണ്ടി ചോറിനെതിരായ ശിക്ഷാവിധിയുടെ പകര്‍പ്പും കേസുകളുടെ വിശദാംശംവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
2013 ജനുവരി 20നു നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളിലൂടെയാണു പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണ മുതലുകള്‍ പ്രതിയുടെ പക്കല്‍നിന്നുതന്നെ കണ്ടെടുക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ വിചാരണ സമയത്തു പ്രതിയുടെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വിരലടയാള വിദഗ്ധരടക്കം 39 സാക്ഷികളെയും പ്രോസിക്യൂഷന്‍ വിസ്തരിച്ചു.