പട്ടിണിമൂലം ‘ഐസിസ് തീവ്രവാദിയായ’ അങ്കമാലിക്കാരന്റെ കഥ; യുവാവ് ബോബുണ്ടാക്കാന്‍ പഠിച്ചത് ഓണ്‍ലൈന്‍ വഴി

കൊച്ചി: ഫെഡറല്‍ ബാങ്കില്‍ ബോംബുമായെത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ്. ഐസിസ് തീവ്രവാദിയാണെന്ന് ഭീഷണിയുമായാണ് കഴിഞ്ഞ ദിവസം അങ്കമാലി ബാങ്കില്‍ യുവാവെത്തിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. മാനേജറുടെ ക്യാമ്പിനുള്ളില്‍ കയറിയ വിനു തന്റെ കൈയിലുള്ളത് ബോംബാണെന്നും അത്യുഗ്ര സ്‌ഫോടകശേഷിയുള്ള ബോംബുകള്‍ ബാങ്കിന്റെ മറ്റു സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഭീഷണി മുഴക്കി. ഉടനെ അമ്പതുലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. കൈവശമുണ്ടായിരുന്ന കത്ത് മാനേജര്‍ക്കു നല്‍കി. തങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന സംഘടനയിലെ ജിഹാദി അംഗങ്ങളാണെന്നും സംഘടനക്കായി വന്ന മനുഷ്യ ബോംബാണ് താനെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. അതിശക്തമായ ഒരു ബോംബുമായാണ് വന്നിരിക്കുന്നതെന്നും സമാനമായ നാല് ബോംബുകള്‍ ബാങ്ക് കെട്ടിടത്തിനു ചുറ്റും വച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസിനെ വിളിച്ചാല്‍ ബോംബ് പൊട്ടിച്ച് എല്ലാവരെയും കൊല്ലുമെന്നും വ്യക്തമാക്കിയിരുന്നു. മിനിറ്റുകള്‍ മാത്രമേ കാത്തു നില്‍ക്കുകയുള്ളൂവെന്നും പണവുമായി തങ്ങള്‍ പുറത്തിറങ്ങിയശേഷം അരമണിക്കൂര്‍ കഴിഞ്ഞേ പുറത്തിറങ്ങാനോ പൊലീസിനെ വിളിക്കാനോ പാടുള്ളൂവെന്നും കത്തില്‍ പറഞ്ഞിരുന്നു. കത്ത് ഇംഗ്ലീഷിലും മലയാളത്തിലുമാണ് എഴുതിയിരുന്നത്. കത്ത് വായിച്ച് ബാങ്ക് മാനേജര്‍ ആന്റണി സെബാസ്റ്റ്യന്‍ ചീഫ് മാനേജറുടെ അടുത്തേക്ക് വിനുവിനെ വിടുകയായിരുന്നു. ഇതിനിടെ ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസിനെ വിളിച്ചിരുന്നു. മഫ്തിയില്‍ എത്തിയ പൊലീസ് വിനുവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും വേറെ ബോംബുകളൊന്നും കണ്ടെത്തിയില്ല. ഇതോടെയാണ് ആശങ്കമാറിയത്.

അങ്കമാലി കിടങ്ങൂര്‍ തട്ടാന്‍പറമ്പില്‍ ഹരിദാസിന്റെ മകന്‍ വിനുവാണ് (42) അറസ്റ്റിലായത്. വിനു കൊണ്ടുവന്ന ബോംബ്, സ്‌ക്വാഡ് എത്തി നിര്‍വീര്യമാക്കി. ഇലക്‌ട്രോണിക് സാധനങ്ങളും പൈപ്പുകളും ടൈമറും സര്‍ക്യൂട്ടുകളും അടങ്ങിയ പെട്ടിയാണ് ബോംബ് ആക്കി മാറ്റിയത്. ഇലക്‌ട്രോണിക് എന്‍ജിനീയറായ വിനു വെബ് ഡിസൈനര്‍ കൂടിയാണ്. വെബ്‌സൈറ്റില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബോംബ് നിര്‍മ്മിച്ചത്. ബോംബില്‍ സ്‌ഫോടക സാധനങ്ങള്‍ നിറച്ചിരുന്നില്ല. സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കാനുള്ള പൈപ്പുകള്‍ തെര്‍മോകോള്‍വച്ച് അടച്ചിരുന്നു. കല്യാണ്‍ ജുവലറിയിലും സമാനമായ ഓപ്പറേഷനു വേണ്ടി തയാറാക്കിയ കത്തും പെട്ടിയില്‍ നിന്നു കണ്ടെടുത്തിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സാമ്പത്തികബുദ്ധിമുട്ടും ലോണ്‍ തുക അടയ്ക്കാനുള്ളതുകൊണ്ടാണ് താന്‍ ഈ കൃത്യം ചെയ്തതെന്ന് വിനു പറഞ്ഞത്. വിനുവിന് ഐസിസുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് കണ്ടെത്തി. ഒരുമാസംകൊണ്ടാണ് ബോംബ് ഉണ്ടാക്കിയതെന്ന് വിനു പറഞ്ഞു. വിവാഹിതനാണെങ്കിലും എട്ടുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തത് വിനുവിനെ നിരാശനാക്കിയിരുന്നു. മാനസിക അസ്വസ്ഥത പലപ്പോഴും കാണിക്കാറുണ്ടെന്നും പറയപ്പെടുന്നു. ഇതും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top