കൊല്ലം: കെവിനെ മര്‍ദിക്കുന്നതിനിടെ പ്രതികള്‍ ഊരിയെറിഞ്ഞ ലുങ്കി അന്വേഷണത്തിനിടെ കണ്ടെത്തി. കേസിലെ പ്രതി ഷെഫിനുമായി കഴിഞ്ഞദിവസം പുനലൂരില്‍ നടത്തിയ തെളിവെടുപ്പിലാണു കല്ലടയാറ്റിന്റെ തീരത്തുനിന്നു പച്ച നിറത്തിലുള്ള ലുങ്കി കണ്ടെടുത്തത്. പുനലൂര്‍ നെല്ലിപ്പള്ളിക്കു സമീപം വച്ചു പ്രതികള്‍ ലുങ്കി കാറില്‍ നിന്നു പുറത്തേക്ക് എറിയുകയായിരുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോടിനടുത്തും പ്രതിയെ തെളിവെടുപ്പിനു എത്തിച്ചു.
ഇതിനിടെ ഇന്നു നടന്ന നിയമസഭാ സമ്മേളനത്തില്‍ കെവിന്റെ കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തെച്ചൊല്ലി പ്രതിപക്ഷവും മുഖ്യമന്ത്രിയും ഏറ്റുമുട്ടി. നിയമസഭയില്‍ പ്രതിപക്ഷ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ഇതില്‍ പ്രതിഷേധിച്ചു നിയമസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം ഇറങ്ങിപ്പോയി് സഭ സ്തംഭിപ്പിച്ചു.
കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നു സ്ഥിരീകരിച്ച മുഖ്യമന്ത്രി, വീഴ്ചവരുത്തിയ പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു വ്യക്തമാക്കി. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തി സത്യം മറച്ചുവയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.