കെവിനെ തട്ടിക്കൊണ്ടു പോയത് എന്റെ അറിവോടെ: ചാക്കോയുടെ കുറ്റസമ്മത മൊഴി പുറത്ത്

കോട്ടയം: മകളെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്ന് നീനുവിന്റെ പിതാവ് ചാക്കോയുടെ മൊഴി. അന്വേഷണ സംഘത്തോട് കെവിനെ തന്റെ അറിവോടെയാണ് തട്ടിക്കൊണ്ടു പോയതെന്ന് ചാക്കോ മൊഴി നല്‍കിയതായാണ് സൂചന. തട്ടിക്കൊണ്ടു വരുന്നതിനിടെ കെവിന്‍ രക്ഷപ്പെട്ടെന്ന് സാനു തന്നെ വിളിച്ചറിയിച്ചുവെന്നും ചാക്കോ അന്വേഷണ സംഘത്തിനോട് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കണ്ണൂര്‍ ഇരിട്ടി കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലാണ് ചാക്കോയും സാനു ചാക്കോയും കീഴടങ്ങിയത്.

കെവിനെ തട്ടിക്കൊണ്ടുപോയതില്‍ ചാക്കോയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കെവിനെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോകുമ്പോള്‍ നിരവധി തവണ സാനു പിതാവ് ചാക്കോയുമായി ഫോണില്‍ സംസാരിച്ചിരുന്നു. കെവിന്‍ കേസില്‍ ചാക്കോ അഞ്ചാം പ്രതിയാണ്. ഇയാളുടെ മകനും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയാണ് കേസിലെ ഒന്നാം പ്രതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെവിനെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിച്ചിരുന്ന മൂന്നു കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പുനലൂരില്‍നിന്നാണ് ഒരു കാര്‍ ആദ്യം പിടിച്ചത്. ഇന്ന് രണ്ടു കാറുകള്‍ കൂടി പുനലൂരില്‍നിന്നും കണ്ടെടുത്തു. അതേസമയം, കെവിന്റേതു മുങ്ങിമരണമോ മുക്കിക്കൊലയോ എന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവ്യക്തതയുളളതിനാല്‍ കൂടുതല്‍ പരിശോധനയ്ക്കായി അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതു നീട്ടിവച്ചിരിക്കുകയാണ്.

കെവിനെ മര്‍ദിച്ച് അവശനാക്കിയശേഷം തോട്ടിലേക്ക് തളളിയിട്ടതോ, മുക്കിക്കൊന്നതോ, രക്ഷപ്പെട്ട് ഓടുന്നതിനിടെ തോട്ടിലേക്ക് വീണതോ എന്നീ വശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കെവിന്റെ ശരീരത്തില്‍ 14 മുറിവുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവ മരണത്തിനു കാരണമാകാവുന്ന അല്ലെന്നാണ് റിപ്പോര്‍ട്ട്.

Top