കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയ മാതാപിതാക്കള്‍ സത്യം തിരിച്ചറിഞ്ഞത് രണ്ടര വര്‍ഷത്തിനു ശേഷം; ഒടുവില്‍ സംഭവിച്ചതറിഞ്ഞാല്‍…

ഗുവാഹട്ടി: ആശുപത്രി അധികൃതരുടെ പിഴവു കാരണം കുട്ടികള്‍ മാറിപ്പോയ സംഭവങ്ങള്‍ ലോകമെമ്പാടുമുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രസവശേഷം മാറിപ്പോയ കുഞ്ഞുങ്ങളെ ഡിഎന്‍എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞിട്ടും സ്വീകരിക്കാന്‍ തയ്യാറാകാത്ത മാതാപിതാക്കള്‍ ലോകത്തില്‍ ആദ്യമായിരിക്കും. തങ്ങളുടെ സ്വന്തം കുഞ്ഞിനെ ഏറ്റെടുക്കുമ്പോള്‍ ഇത്രയും നാളും പാലൂട്ടി മുഴുവന്‍ സ്‌നേഹവും നല്‍കി വളര്‍ത്തിയ കുഞ്ഞ് നഷ്ടമാകും എന്നതാണ് ഈ അച്ഛനമ്മമാരെ സ്വന്തം കുഞ്ഞിനെ ഏറ്റെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ കുഞ്ഞിനെ സ്വീകരിക്കേണ്ടെന്നാണ് ഇരു കൂട്ടരുടെയും തീരുമാനം. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള സഹാബുദ്ദീന്‍ അഹമ്മദ്-സല്‍മാ ദമ്പതികളുടെയും ആസ്സാമില്‍ നിന്നുള്ള അനില്‍-സെവാലി ബോറോ ദമ്പതികളുടെയും കുഞ്ഞാണ് പ്രസവ ശേഷം മാറിപ്പോയത്. എന്നാല്‍ ഇരു കൂട്ടരും തങ്ങളുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ തന്നെ വളര്‍ത്താന്‍ തീരുമാനം എടുക്കുകയായിരുന്നു. ഇത്രയും കാലം സ്‌നേഹിച്ച് വളര്‍ത്തിയ അച്ഛനമ്മമാരെ വിട്ടു പോകാന്‍ ഈ കുട്ടികളും തയ്യാറായില്ല. 2015 മാര്‍ച്ച് 11നായിരുന്നു ദാരംഗിലെ മംഗള്‍ദായി സിവില്‍ ആശുപത്രിയില്‍ സെവാലിയും സല്‍മയും രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പ്രസവ ശേഷം ഇരുവരുടെയും കുഞ്ഞുങ്ങളെ നഴ്‌സുമാര്‍ അബദ്ധത്തില്‍ മാറ്റിക്കിടത്തുകയായിരുന്നു. ഇങ്ങനെയാണ് ഇരുവര്‍ക്കും കുഞ്ഞുങ്ങളെ മാറിപ്പോയത്. ആശുപത്രി വിട്ട് ദിവസങ്ങള്‍ക്ക് ശേഷം ഇരുകൂട്ടരുടെയും മനസ്സില്‍ സംശയം തോന്നി. ആശുപത്രിയില്‍ നിന്നു മടങ്ങി ഒരാഴ്ചയ്ക്കു ശേഷം കുഞ്ഞിന്റെ മുഖത്തിന് ആകെ മാറ്റം വന്നതായി സല്‍മയ്ക്കു തോന്നി. ഇതേ സംശയം തന്നെ മറുഭാഗത്ത് അനിലിനും സെവാലിക്കും തോന്നി. ഇതിനിടയില്‍ തന്റെ തന്നെ കുട്ടിയെ കിട്ടണമെന്ന ആവശ്യവുമായി സഹാബുദ്ദീന്‍ ആശുപത്രിയെ സമീപിച്ചപ്പോള്‍ പരാതി ആശുപത്രി തള്ളുകയായിരുന്നു. തുടര്‍ന്ന് അന്ന് ആശുപത്രിയില്‍ പ്രസവം നടന്ന ദമ്പതികളുടെ വിവരത്തിന് വിവരാവകാശരേഖ സമര്‍പ്പിക്കുകയും ചെയ്തു. അന്ന് ഒരു ബോറോ വനിത ഉണ്ടായിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അനില്‍-സെവാലി ദമ്പതികള്‍ക്ക് കത്തയയ്ക്കുകയും ചെയ്തു. തുടര്‍ന്ന അനില്‍ ഇരുവരേയും വീട്ടിലേക്ക് ക്ഷണിച്ചു.
കുട്ടികളെ കണ്ടപ്പോള്‍ തന്നെ ഇരു മാതാപിതാക്കളും സ്വന്തം കുട്ടികളെ തിരിച്ചറിഞ്ഞു. എന്നാല്‍ സത്യം മനസ്സിലാക്കാനോ കുഞ്ഞിനെ തിരിച്ചുകൊടുക്കാനോ സെവാലി സമ്മതിച്ചില്ല. തുടര്‍ന്ന് ഇയാള്‍ എസ്പിയെ സമീപിക്കുകയും സംഭവത്തില്‍ 2015 ഡിസംബറിന് കേസെടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് 2016 ഏപ്രില്‍മാസം ഡിഎന്‍എ ടെസ്റ്റ് നടത്തുകയും നവംബറില്‍ ഫലം പുറത്തു വരികയും ചെയ്തു. എന്നാല്‍ കുഞ്ഞുങ്ങളെ വിട്ടു കൊടുക്കാന്‍ മാത്രം ഇരുകൂട്ടരും ഒരുക്കമല്ല. ഇത്രയും നാളുകൊണ്ട് ഇരു കൂട്ടര്‍ക്കും തങ്ങള്‍ വളര്‍ത്തിയ കുഞ്ഞിനോടുള്ള വൈകാരിക ബന്ധം വളരെ വലുതാണ്. കിട്ടിയത് വേറെ കുട്ടിയാണെങ്കിലും താന്‍ മുലപ്പാല്‍ കൊടുത്താണ് രാകേഷിനെ വളര്‍ത്തിയതെന്നും അവനില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും സെവാലി വ്യക്തമാക്കി. കുഞ്ഞുങ്ങളെ പരസ്പരം മാറ്റി അവരുടെ പ്രതികരണം നോക്കിയെങ്കിലും വളര്‍ത്തിയ മാതാവിനെ വിടാന്‍ രണ്ടു കുട്ടികളും കൂട്ടാക്കിയില്ല. ഇതോടെ സ്വന്തം മക്കളെ വേണ്ടെന്ന് ഇരു കൂട്ടരും തീരുമാനിക്കുക ആയിരുന്നു.

Top