ന്യുഡല്‍ഹി: ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ യുവതി തന്നെ ബലാത്സംഗം ചെയ്തവരെ ഫേസ്ബുക്കിലൂടെ കണ്ടെത്തി പോലീസ് പിടിയിലാക്കി. പഠനയാത്രയ്ക്ക് ഇന്ത്യയില്‍ എത്തിയ 22കാരിയും ഇന്ത്യന്‍ വംശജയുമായ ഈ യു.എസ് യുവതി. പഹര്‍ഗഞ്ച് ഹോട്ടലില്‍ താമസിച്ച താമസിച്ചിരുന്ന യുവതി ഈമാസം ആദ്യമാണ് ബലാത്സംഗത്തിന് ഇരയായത്.
ബലാത്സംഗം സംബന്ധിച്ച് യുവതി പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് യുവതി ഫേസ്ബുക്കിലൂടെ പ്രതികള്‍ക്കു വേണ്ടി വലയൊരുക്കുകയും അവരെ കുടുക്കുകയും ചെയ്തത്.
യുവതി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് വെള്ളിയാഴ്ച പൊലീസ് പ്രതികളെ പിടികൂടുകയും ചെയ്തു.
പഠനത്തിനായി ജനുവരിയില്‍ രണ്ടുസുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവതി ഇന്ത്യയിലെത്തിയത്. പാട്യാലയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ഇവര്‍ മെയ് 14ന് ദല്‍ഹിയില്‍ തിരിച്ചെത്തി. സുഹൃത്തുക്കള്‍ തിരിച്ചുപോയെങ്കിലും ഇവര്‍ പഠനയാത്ര പൂര്‍ത്തിയാക്കുന്നതിനായി ഇവിടെ തന്നെ തുടരുകയായിരുന്നു.
യുവതിയുമായി സൗഹൃദത്തിലായ അമന്‍പാല്‍ സിങ്, വരീന്ദര്‍ എന്നിവരാണ് ജസ്വന്ത് സിങ് എന്നയാളെ യുവതിക്കു പരിചയപ്പെടുത്തിയത്. പഹാര്‍ഗഞ്ചിലെ ഹോട്ടല്‍മുറിയിലെ പാര്‍ട്ടിക്കുശേഷം ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഇവര്‍ ഫേസ്ബുക്കില്‍ ജസ്വന്ത് സിങ്ങിനെ തിരയുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ടെത്തി ഫ്രണ്ട്‌സ് റിക്വസ്റ്റ് അയക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ ഫോട്ടോ സെയ്‌വ് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് ഈ ഫോട്ടോ പൊലീസിന് കൈമാറുകയും ചെയ്തു. ഇതോടെയാണ് ഇയാളുടെ അറസ്റ്റിന് വഴിതെളിഞ്ഞത്. യുവതി പ്രതിയുടെ ഫോട്ടോ അയച്ചുനല്‍കിയിരുന്നില്ലെങ്കില്‍ പൊലീസിന് അയാളെ കണ്ടെത്താന്‍ കഴിയുമായിരുന്നില്ലെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു.