മെഡിക്കല്‍ രംഗത്തും മലയാളവത്ക്കരണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ മലയാളവത്ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ഫയലുകളും മറ്റ് രേഖകളും മലയാളത്തിലാക്കുന്നത് കൂടുതല്‍ ആളുകള്‍ക്ക് ഉപയോഗ പ്രദമാകുന്നുമുണ്ട്. എന്നാല്‍ പല ഇംഗ്ലീഷ് പദങ്ങള്‍ക്കും ശരിയായ അര്‍ത്ഥം ലഭിക്കുന്ന മലയാള പദങ്ങള്‍ കണ്ടു പിടിക്കുന്നതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. പലപ്പോഴും കൂടുതല്‍ ദുരൂഹമായ സംസ്‌കൃത പദങ്ങളാണ് മലയാളം എന്ന രീതിയില്‍ പ്രാബല്യത്തില്‍ വരുന്നത് എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഈ സമയത്താണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ണ്ണായകമായ ഒരു നിഗമനം ഇത് സംബന്ധിച്ച് നടത്തിയിരിക്കുന്നത്.
ഡോക്ടര്‍മാരുടെ പരിശോധനാ നിഗമനങ്ങളും ലാബുകളിലെ പരിശോധനാ ഫലവും മലയാളത്തിലാക്കിയാല്‍ രോഗിയും ഡോക്ടറും തമ്മിലുള്ള ആശയവിനിമയം സുതാര്യമാകുമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞത്. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും മെഡിക്കല്‍ പരിശോധനാ റിപോര്‍ട്ടുകള്‍ മാതൃഭാഷയിലാക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവി ല്‍ അഭിപ്രായപ്പെട്ടു.

പാലക്കാട് പാറശ്ശേരി സേതുമാധവന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന്റെ ഗര്‍ഭിണിയായ ഭാര്യ പാലക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ ആയിരുന്നെന്നും ഗര്‍ഭപാത്രത്തിനു വികാസമില്ലാത്തതിനാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായും ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ലഭിച്ചില്ല. അധികൃതരില്‍ നിന്നു മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട വിശദീകരണത്തില്‍, പരാതിക്കാരന്റെ ഭാര്യക്ക് ഗര്‍ഭാവസ്ഥയിലുള്ളത് ഇരട്ടക്കുട്ടികളാണെന്ന് ഒപി ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതായും പരാതിക്കാരന്‍ ഇക്കാര്യം അറിയേണ്ടതായിരുന്നുവെന്നും പറയുന്നു. പരാതിക്കാരന്‍ ആംബുലന്‍സ് ആവശ്യപ്പെടാത്തതു കാരണമാണ് നല്‍കാതിരുന്നതെന്നും വിശദീകരണത്തിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒപി രജിസ്റ്ററില്‍ ഇരട്ടക്കുട്ടികളാണെന്ന് രേഖപ്പെടുത്തിയതുകൊണ്ടു മാത്രം പരാതിക്കാരനും ഭാര്യയും അത് അറിയണമെന്നില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അക്കാര്യം പരാതിക്കാരനെയോ ഭാര്യയെയോ നേരിട്ട് അറിയിച്ചതായി വിശദീകരണത്തിലില്ല. ഒപി ടിക്കറ്റിലുള്ളത് ഇംഗ്ലീഷിലുള്ള കുറിപ്പുകളും വിദഗ്ധര്‍ക്കു മാത്രം മനസ്സിലാകുന്ന സൂചകങ്ങളുമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ഒപി ടിക്കറ്റിലെ ഡോക്ടറുടെ കുറിപ്പ് മലയാളത്തിലായിരുന്നെങ്കില്‍ പരാതിക്കാരനു മനസ്സിലാക്കാമായിരുന്നു.

ആശുപത്രിയും ഡോക്ടര്‍മാരും തന്റെ ഇരട്ടക്കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന പരാതിക്കാരന്റെ വാദം തെറ്റല്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ചികില്‍സയ്ക്കെത്തുന്നവരോട്, പ്രത്യേകിച്ച് ഗര്‍ഭിണികളോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാനുള്ള ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കുണ്ട്. യഥാസമയത്തുള്ള ആശയവിനിമയമില്ലായ്മ പരാതികള്‍ക്ക് ഇടയാക്കും. ആംബുലന്‍സ് നല്‍കാത്തത് മനുഷ്യാവകാശലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ക്ക് സാഹചര്യം ഒരുക്കരുതെന്ന് കമ്മീഷന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും നിര്‍ദേശം നല്‍കി. ഇരട്ടക്കുട്ടികളുടെ മരണത്തില്‍ ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും ഭാഗത്ത് വീഴ്ച ഉണ്ടായില്ലെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സമഗ്ര പുനരന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Top