ലണ്ടൻ :കൊറോണക്കുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനിന്റെ ഭാഗമായ പരീക്ഷണം വിജയമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്.വൈറസ് പരീക്ഷിച്ച ആറ് റൂസസ് മക്കാക് കുരങ്ങുകളിലാണ് പ്രതീക്ഷയ്ക്കു വകയുള്ള ഫലം കണ്ടെത്തിയിരിക്കുന്നത്.റൂസസ് മക്കാക് കുരങ്ങുകളില്‍ നടത്തിയ പരീക്ഷണം വിജയകരമായതു മനുഷ്യനിലും ഈ വാക്സിന്‍ ഗുണകരമാകുമെന്നതിന്റെ സൂചനയാണെന്ന് NIH വ്യക്തമാക്കി.എന്നാല്‍ ഇത് മനുഷ്യനില്‍ പരീക്ഷിച്ചു തുടങ്ങിയിട്ടേ ഉള്ളൂ എന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വക്താക്കള്‍ അറിയിച്ചു.
SARS-CoV-2 virus ബാധിച്ച ആറ് കുരങ്ങന്മാരിലാണ് ഈ വാക്സിന്‍ പരീക്ഷിച്ചത്. വീണ്ടും പരിശോധന നടത്തിയപ്പോള്‍ ഈ കുരങ്ങന്മാരുടെ ശ്വാസകോശത്തില്‍ നിന്നും വൈറസ് അപ്രത്യക്ഷമായിരുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡും സംയുക്തമായി അമേരിക്കയില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നത്.SARS-CoV-2 virus ബാധിച്ച ആറ് കുരങ്ങന്മാര്‍ക്കും ഈ വാക്സിന്‍ പരീക്ഷിച്ചതിനുശേഷം ന്യൂമോണിയ ഉണ്ടായില്ലെന്നും മനുഷ്യന്റേതു പോലെയുള്ള ഇമ്യൂണ്‍ സിസ്റ്റം ആണ് റൂസസ് മക്കാക് കുരങ്ങുകള്‍ക്കുള്ളത്. ഈ കണ്ടുപിടിത്തം WHO അംഗീകരിച്ചിട്ടുള്ള മെഡിക്കല്‍ ജേര്‍ണലുകളില്‍ പബ്ലിഷ് ചെയ്യാനിരിക്കുന്നതേയുള്ളൂ.
എങ്കിലും ഇത് വളരെ ആശാവഹമായ ഒരു മുന്നേറ്റമാണെന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫസര്‍ സ്റ്റീഫന്‍ ഇവാന്‍സ് അഭിപ്രായപ്പെടുന്നത്.ശാസ്ത്രജ്ഞയായ എലിസ ഗ്രനാറ്റൊ ആണ് ഈ വാക്സിന്‍ പരീക്ഷിക്കാന്‍ ആദ്യമായി മുന്നോട്ടു വന്നത്.
‘ഞാന്‍ ഒരു ശാസ്ത്രജ്ഞ ആയതു കൊണ്ടുതന്നെ സയന്‍സിനെ സപ്പോര്‍ട്ട് ചെയ്യുന്ന എന്ത് കാര്യവും ചെയ്യാന്‍ തയ്യാറാണ്.മനുഷ്യരാശിക്കുവേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയകാര്യമാണിത് എന്ന് ഞാന്‍ കരുതുന്നു’ എന്നാണു എലിസ ഗ്രനാറ്റൊ പറയുന്നത്.
ഇതിന്റെ ഗുണഫലമറിഞ്ഞു ഇതില്‍ വിശ്വാസമര്‍പ്പിച്ച് ഏകദേശം ആയിരത്തോളം ആള്‍ക്കാരാണ് ബ്രിട്ടനില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഓസ്ഫോഡില്‍ വാക്സിന്‍ പരീക്ഷണത്തിനായി മുന്നോട്ടു വന്നിരിക്കുന്നത്.ലോകത്തിന്റെ വിവിധ കോണിലുള്ള ഗവേഷണശാലകളിലായി നൂറിലധികം വാക്‌സിനുകളാണ് കോവിഡിനെ തുരത്താനായി ഒരുങ്ങുന്നത്.
അതേസമയം കൊറോണ വൈറസ് വാക്‌സിന്‍ വികസനത്തിന് പുതിയ നേതൃത്വം. കോവിഡ് ടാസ്‌ക്ക് ഫോഴ്‌സിനെയും എപ്പിഡെമിക്ക് ഡയറക്ടര്‍ ഡോ. ആന്റണി ഫൗസിയെയും തഴഞ്ഞ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈനിന്റെ വാക്‌സിനേഷന്‍ വിഭാഗം മുന്‍ മേധാവി മോണ്‍സെഫ് സ്ലൗയിയെയാണ് പുതിയ നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്. 2021 ജനുവരിയില്‍ പുതിയ വാക്‌സിന്‍ ഉണ്ടാവുമെന്നും ഇതു സംബന്ധിച്ച നിലവിലെ വിവരങ്ങളും പ്രസിഡന്റ് ട്രംപ് ഇന്നു മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിശദീകരിക്കും.
ഈ വര്‍ഷാവസാനത്തോടെ കൊറോണ വാക്‌സിന്‍ ഉണ്ടാവുമെന്നു ട്രംപ് വ്യക്തമാക്കി. മോണ്‍സെഫ് സ്ലൗയിക്കൊപ്പം ഫോര്‍ സ്റ്റാര്‍ ആര്‍മി ജനറല്‍ ഗുസ്താവ് പെര്‍നയേയും ട്രംപ് ഈ ഉദ്യമത്തില്‍ നിയമിച്ചു. 2017 ല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് രംഗം വിട്ടതുമുതല്‍ ഒരു വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായിരുന്ന സ്ലൗയി വാക്‌സിന്‍ ശ്രമത്തിന്റെ മുഖ്യ ഉപദേശകനായി പ്രവര്‍ത്തിക്കും. ലോജിസ്റ്റിക്‌സിന്റെ മേല്‍നോട്ടം വഹിക്കുന്ന ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പെര്‍ന പ്രവര്‍ത്തിക്കുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ തയാറാകുമ്പോള്‍ വിതരണം ചെയ്യുന്നതിനായി സൈന്യത്തെ അതിവേഗം അണിനിരത്തുമെന്ന് ട്രംപ് പറഞ്ഞു.
നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഉള്‍പ്പെടെ ഫെഡറല്‍ സര്‍ക്കാര്‍ ഇതിനകം നടത്തിക്കൊണ്ടിരിക്കുന്ന വാക്‌സിന്‍ വികസന ശ്രമങ്ങള്‍ക്ക് ഇരുവരും നേതൃത്വം നല്‍കും. ഡോ. ഫൗസിയെ തഴഞ്ഞതിനു വിശദീകരണമില്ല. ട്രംപ് നിര്‍ദ്ദേശിച്ച കോവിഡിനെതിരേയുള്ള മരുന്നായ ക്ലോറോക്വീനിനോടു ഡോ. ഫൗസിക്കും എതിര്‍പ്പുണ്ടായിരുന്നു. ഇതിനു വേണ്ടി ഫെഡറല്‍ ഗവണ്‍മെന്റ് കോടിക്കണക്കിനു ഡോളറാണ് ചെലവഴിച്ചത്. ഇതിനെത്തുടര്‍ന്ന് ഏറെ പഴികേട്ട ട്രംപ് ടാസ്‌ക്ക് ഫോഴ്‌സില്‍ വിശ്വാസം നഷ്ടപ്പെട്ടതായും അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും, റോസ് ഗാര്‍ഡനില്‍ ഇന്നു നടക്കുന്ന പരിപാടിയില്‍ എപ്പിഡെമിക്‌സ് തലവന്‍ ഡോ. ആന്റണി ഫൗസി പങ്കെടുക്കും. ഡോ. ഫൗസിയെ കഴിഞ്ഞ ഏപ്രില്‍ 29-നു ശേഷം വൈറ്റ് ഹൗസില്‍ പ്രസിഡന്റിനൊപ്പം കണ്ടിട്ടില്ല. പക്ഷേ, ചൊവ്വാഴ്ച വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും മറ്റ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹത്തെ വൈറ്റ് ഹൗസില്‍ കണ്ടിരുന്നു. മറ്റ് ആരോഗ്യ വിദഗ്ധരെപ്പോലെ ഫൗസിയും ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നതിന് കുറഞ്ഞത് ഒരു വര്‍ഷമെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.