ന്യുഡല്‍ഹി:നിലപാടുകളില്‍ മാറ്റമില്ലെന്നും രാഷ്ട്രീയ നിലപാടില്‍ നിന്നും വ്യതിചലിക്കില്ലെന്നും കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ രംഗത്ത് .ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത പാടേ നിഷേധിക്കുകയും ചെയ്തു ശശി തരൂര്‍ . തരൂര്‍ അടക്കമുള്ള നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നു എന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെത്തുടര്‍ന്നാണ് തരൂര്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത പരന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം നിഷേധിച്ചുകൊണ്ട് തരൂര്‍ രംഗത്തെത്തിയത് .
ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു അതിനാല്‍ പറയട്ടെ, എന്റെ നിലപാടുകളില്‍ മാറ്റമില്ല. അവ ബിജെപിയുടെ നിലപാടുകളുമായി ഒരിക്കലും ചേരുന്നതുമല്ല. വൈവിധ്യങ്ങളില്‍ അടിസ്ഥാനപ്പെട്ട, എല്ലാ പൗരന്മാരുടെയും സമുദായങ്ങളുടെയും തുല്യമായ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഇന്ത്യയ്ക്ക് വേണ്ടിയാണ് കഴിഞ്ഞ നാല്പതിലേറെ വര്‍ഷങ്ങളായി ഞാന്‍ സംസാരിച്ചത്. അതില്‍ വിട്ടുവീഴ്ചയില്ല. എന്തടിസ്ഥാനത്തിലാണെന്നറിയില്ല, കാലങ്ങളായി ഞാന്‍ ബിജെപിയില്‍ ചേരുന്നുവെന്ന് അപവാദപ്രചരണമുണ്ടാകാറുണ്ട്. അതിനെ ഇത്തവണയും സംശയമില്ലാതെ തള്ളിക്കളയുന്നു; എന്നാണ് തരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനാണ് ഇക്കാര്യം അറിയിച്ചതെന്ന് കോടിയേരി പറഞ്ഞു. എന്നാല്‍ അക്കാര്യം ഹസ്സന്‍ നിഷേധിച്ചു. ജാഫര്‍ ഷെരീഫിനെയോ എസ്എം കൃഷ്ണയെയോ പോലുള്ള ആരും തന്നെ കേരളത്തിലില്ലെന്നും ഹസ്സന്‍ പറഞ്ഞു. ബിജെപി നടത്തുന്ന പ്രചരണമാണിതെന്നും ഹസ്സന്‍ പറഞ്ഞു