ജാതിയെ പുകഴ്ത്തുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് ഉലകനായകന്‍ കമല്‍ഹാസന്‍. പാപനശമെന്ന തന്റെ പുതിയ പടത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് തന്റെ നിലപാട് താരം വ്യക്തമാക്കിയത്. ‘ഞാനൊരു നിരീശ്വരവാദിയാണ്. എന്നാല്‍ പാപനാശം എന്ന ചിത്രത്തില്‍ ഞാന്‍ നെറ്റിയില്‍ ഭസ്മം അണിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷെ സിനിമയും എന്റെ സ്വകാര്യ നിലപാടുകളും വ്യത്യസ്തമാണ്. എന്റെ വിശ്വാസങ്ങളെ സിനിമകളിലൂടെ ഞാന്‍ ഞെരിക്കാറില്ല. യാതൊരു കാരണവശാലും ജാതിയെ പുകഴ്ത്തുന്ന ഒരു ചിത്രത്തില്‍ ഞാന്‍ അഭിനയിക്കില്ല’.
ഏത് ദിവസമാണോ പാതിരാത്രിയില്‍ സ്ത്രീയ്ക്ക് സ്വതന്ത്രയായി ഇറങ്ങിനടക്കാനാകുന്നത് അതാണ് യതാര്‍ത്ഥ സ്വാതന്ത്ര്യം എന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത്തരം സ്വാതന്ത്ര്യം നമുക്ക് ലഭിച്ചിട്ടില്ലെന്നും കമല്‍ പറഞ്ഞു. ലൈംഗിക പീഡന കേസുകളിലെ പ്രതികള്‍ക്കും സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നവര്‍ക്കും മറ്റും കര്‍ശനമായ ശിക്ഷ നല്‍കുന്നതിലൂടെ മാത്രം കുറ്റകൃത്യങ്ങള്‍ കുറയില്ല. അതിന് സ്വയം ക്രമീകരണവും അച്ചടക്കവും വളരെ പ്രധാനമാണ്
താന്‍ വധശിക്ഷയ്‌ക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. ദൃശ്യത്തിന്റെ തമിഴ് റീമേയ്ക്കായ പാപനാശത്തില്‍ താന്‍ അഭിനയിക്കാന്‍ തയ്യാറായത് ചിത്രത്തിന്റെ പ്രമേയത്തിനുള്ള കാലിക പ്രസക്തി കണക്കിലെടുത്താണെന്ന് കമല്‍ പറഞ്ഞു. ചിത്രത്തില്‍ തന്റെ ഭാര്യാ വേഷം അവതരിപ്പിക്കാന്‍ ഗൗതമിയെ താനല്ല തെരഞ്ഞെടുത്തതെന്നും സംവിധായകന്‍ ജീത്തുവാണെന്നും അദ്ദേഹം പറഞ്ഞു.