ഇത് സാധാരണക്കാരുടെ ഐഎഎസുകാരി; ദുരിതങ്ങളില്‍ എന്നും ജനത്തിനൊപ്പം…      

 

 

ഹൈദരാബാദ് : ഇത് സ്മിത സബര്‍വാള്‍. തെലങ്കാനയിലെ ഐഎഎസ് ഓഫീസര്‍. ജനങ്ങള്‍ക്ക് എന്നും കൈത്താങ്ങായി നിലകൊള്ളുന്ന വനിതാ ഉദ്യോഗസ്ഥ. നിലവില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയാണ് സ്മിത. അതായത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥ. ഇരുന്ന പദവികളിലെല്ലാം ജനനന്‍മയ്ക്കായി പ്രവര്‍ത്തിച്ചതിന്റെ കരുത്താണ് ഈ ചെറുപ്രായത്തില്‍ സ്മിതയ്ക്ക് ഇത്രയും വലിയ പദവി നേടിക്കൊടുത്തത്. 2015 ലാണ് സ്മിത ഈ ഉന്നത പദവിക്ക് അര്‍ഹയാകുന്നത്. അതിന് മുന്‍പ് ഹൈദരാബാദ്, മേധക്, കരീംനഗര്‍,വാറങ്കല്‍ ജില്ലകളുടെ കളക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ പദവികളിലെ ശ്രദ്ധേയ നടപടികളിലൂടെ അന്നേ ജനമനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട് സ്മിത.വാറങ്കലില്‍ അവര്‍ നടപ്പാക്കിയ ഫണ്ട് യുവര്‍ സിറ്റി എന്ന നവീന പദ്ധതി വന്‍ വിജയമായിരുന്നു. ജനപങ്കാളിത്തത്തോടെ ഓവര്‍ ബ്രിഡ്ജ്, ബസ് സ്‌റ്റോപ്പ്, പാര്‍ക്കുകള്‍ എന്നിവ നിര്‍മ്മിക്കുന്നതായിരുന്നു പദ്ധതി. കരീം നഗറിലായിരിക്കെ അമ്മ ലാളന എന്ന പേരില്‍ വനിതകള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കിയും ജനപിന്‍തുണയാര്‍ജിച്ചു. വെറും 9 ശതമാനം പ്രസവങ്ങളേ ഇവിടെ ആശുപത്രികളില്‍ നടന്നിരുന്നുളളൂ. പാവപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതായിരുന്നു അമ്മ ലാളന പദ്ധതി. ശുചിത്വ പദ്ധതി നടപ്പാക്കിയും ആശുപത്രികളെ ആധുനിക വല്‍ക്കരിച്ചതും സ്‌കൈപ്പ് വഴി ആരോഗ്യസംബന്ധമായ ബോധവല്‍ക്കരണം നടത്തിയും പ്രസ്തുത പദ്ധതി അവര്‍ വിപുലപ്പെടുത്തി.ഇതോടെ സ്ത്രീകള്‍ പ്രസവ സംബന്ധമായും മറ്റും ആശുപത്രികളിലെത്താന്‍ തയ്യാറായി. ഇതോടെ ശിശു മാതൃ മരണ നിരക്കുകളില്‍ വന്‍ കുറവുണ്ടായി. ഇത്തരത്തില്‍ ആരോഗ്യ ശുചിത്വ രംഗങ്ങളില്‍ ജില്ല മികച്ച മുന്നേറ്റമാണുണ്ടാക്കിയത്.ഇതോടെ സ്മിത രൂപം നല്‍കിയ പദ്ധതി സര്‍ക്കാര്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കരിം നഗറില്‍ വിദ്യാഭ്യാസ മേഖലയിലും വന്‍ നേട്ടമുണ്ടായത് സ്മിതയുടെ കാലയളവിലാണ്. പിഎസ്‌സിയില്‍ 93.38 ശതമാനം വിജയവുമായി കരിംനഗറിനെ ഒന്നാമതെത്തിച്ചു. ഉള്‍പ്രദേശങ്ങളിലുള്ളവരെയും വോട്ടിംഗില്‍ ഭാഗമാക്കാന്‍ വോട്ടേഴ്‌സ് പാണ്ടുകയെന്ന പദ്ധതിക്കും രൂപം നല്‍കി. ഉള്‍നാടുകളിലുള്ളവര്‍ക്ക് വാഹനസൗകര്യം ലഭ്യമാക്കിയായിരുന്നു പദ്ധതി. ഇത്തരത്തിലുള്ള ജനപ്രിയ പദ്ധതികള്‍ സാക്ഷാത്കരിച്ചത് മൂലം 2012-13 വര്‍ഷത്തെ പ്രധാനമന്ത്രിയുടെ 20 പോയിന്റ് പ്രോഗ്രാം പുരസ്‌കാരം കരിം നഗറിനെ തേടിയെത്തി. ഇത്രയേറെ ജനപിന്‍തുണയുള്ള മറ്റൊരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ തെലങ്കാനയിലില്ല.20 ഫാന്‍സ് പേജുകളും 5 ലക്ഷത്തിലധികം ഫോളോവേഴ്‌സും ഇക്കാര്യം അടിവരയിടുന്നു. പശ്ചിമബംഗാളിലായിരുന്നു സ്മിതയുടെ ജനനം. പന്ത്രണ്ടാം തരം ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. ഹൈദരാബാദ് സെന്റ് ഫ്രാന്‍സിസ് കോളജില്‍ നിന്ന് ബിരുദം നേടി. 2001 ല്‍ നാലാം റാങ്കോടെ ഐഎഎസും കരസ്ഥമാക്കി. 10 വര്‍ഷത്തോളം സംഗീതം അഭ്യസിച്ചിട്ടുമുണ്ട് സ്മിത. ജനങ്ങളോടുള്ള നിരന്തര സമ്പര്‍ക്കമാണ് ഈ ഉദ്യോഗസ്ഥയെ വ്യത്യസ്ഥയാക്കുന്നത്.

 

Top