തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐഎഎസ് ഉദ്യോഗസ്‌ഥരും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് തന്നെ രംഗത്തുവന്നിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് കൂട്ട അവധി എടുത്ത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രിയുടെ നിലപാടിനോടും ചീഫ് സെക്രട്ടറിക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ സമീപനത്തിലും അദ്ദേഹത്തിന് പരാതിയുണ്ട്.
സമീപഭാവിയിലെ പ്രശ്നങ്ങളില്‍ മനംമടുത്ത് ചീഫ് സെക്രട്ടറി രാജിവയ്ക്കാന്‍ തയാറെടുക്കുന്നുവെന്നാണ് തലസ്‌ഥാനത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം അദ്ദേഹം അടുത്ത സഹപ്രവര്‍ത്തകരുമായി പങ്കുവച്ചു കഴിഞ്ഞു. വിജിലന്‍സ് ഡയറക്ടറുടെ നടപടികളില്‍ പ്രതിഷേധിച്ച് കൂട്ടഅവധി എടുക്കാന്‍ തീരുമാനിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്‌ഥരെ വിമര്‍ശിച്ചതിനൊപ്പം ചീഫ് സെക്രട്ടറിയെയും വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടിയിലും വിജയാനന്ദിന് പ്രതിഷേധമുണ്ട്. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പശ്ചാത്തലത്തില്‍ ധൃതിപിടിച്ച് ഫയലുകളില്‍ തീരുമാനം കൈക്കോള്ളേണ്ടതില്ലെന്ന് ഐഎഎസ് ഉദ്യോഗസ്‌ഥര്‍ ധാരണയിലെത്തി. ഓരോ ഫയലുകളിന്‍മേലും തീരുമാനമെടുക്കുന്നതിന് മുന്‍പ് സൂക്ഷ്മമായി പരിശോധന നടത്തണമെന്നും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്‌ഥര്‍ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായും സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതെ തങ്ങളുടെ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തനത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്താനാണ് ഐഎഎസ് ഉദ്യോഗസ്‌ഥര്‍ ധാരണയിലെത്തിയിരിക്കുന്നത്. തിങ്കളാഴ്ച കൂട്ട അവധിയെടുത്ത് സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി അംഗീകരിക്കാത്ത സാഹചര്യം തങ്ങള്‍ക്ക് അപമാനമായി മാറിയെന്നാണ് ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്‌ഥര്‍ വിലയിരുത്തുന്നത്.
ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്‌ഥരോട് ശക്‌തമായി നിലപാട് വ്യക്‌തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിനോട് ഐഎഎസ് ഉദ്യോഗസ്‌ഥര്‍ക്ക് അതൃപ്തിയുണ്ട്. പരസ്യമായി പ്രതിഷേധവുമായി രംഗത്ത് വന്നാല്‍ തങ്ങളുടെ ഔദ്യോഗിക ഭാവിക്ക് തടസങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയും പലര്‍ക്കുമുണ്ട്.
അതിനിടെ ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്‌ഥരോട് മന്ത്രിമാര്‍ സ്‌ഥിതിഗതികള്‍ വിലയിരുത്തി. നിലവിലെ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുമായി അനുരഞ്ജന ചര്‍ച്ച നടത്താന്‍ ചില മന്ത്രിമാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയെ കൊണ്ട് അവധിയെടുപ്പിച്ച് തങ്ങളുടെ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാന്‍ മറുഭാഗത്തും നീക്കം നടക്കുന്നുണ്ട്.