മഥുര: ആളുകള്‍ തമ്മില്‍ വാക് തര്‍ക്കമുണ്ടാകാന്‍ ഇപ്പോള്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ. നിസാര കാര്യത്തിന് വരെ വിവാഹം മുടങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടാകാറുണ്ട്. സമാനമായ സംഭവം നടന്നിരിക്കുന്നത് ഉത്തര്‍പ്രദേശ് മഥുരയിലെ മഹേഷ് നഗറിലാണ്. വിവാഹചടങ്ങിന് വിളമ്പിയ ഐസ്‌ക്രീം തികയാതിരുന്നതു കാരണം ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായി.
ഒടുവില്‍ പ്രശ്‌നം രൂക്ഷമായപ്പോള്‍ പോലീസ് വരെ എത്തേണ്ടി വന്നു. ഇരു വീട്ടുകാരുടെയും പ്രതിഷേധത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഒടുവില്‍ വിവാഹം മുടങ്ങുകയും ചെയ്തു. വിവാഹപരിപാടിയില്‍ വരന്റെ വീട്ടില്‍ നിന്നുവന്നവരില്‍ ചിലര്‍ക്ക് ഐസ്‌ക്രീം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത് പിന്നീട് ഇരുവീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഘര്‍ഷം വര്‍ധിച്ചപ്പോള്‍ വരന്റെ വീട്ടുകാര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വധുവിന്റെ ഭാഗത്തുനിന്നുള്ള ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വധുവിന്റെ ഭാഗത്തുനിന്നുള്ള സ്ത്രീകളടക്കമുള്ളവര്‍ പൊലീസിനുനേരെ കല്ലെറിയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
സംഭവത്തില്‍ ഒരു കോണ്‍സ്റ്റബിളിനും രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍ക്കും പരിക്കേറ്റു. ഇരുവീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹത്തിനെത്തിയ വരനും വരന്റെ വീട്ടുകാരും വധു ഇല്ലാതെയാണ് സംഭവസ്ഥലത്തുനിന്ന് തിരിച്ചുപോയത്.