ഏഴ് ഡാമുകള്‍ തുറന്നു; ഇടുക്കി ഡാം ഇന്ന് തുറക്കും

ലക്ഷദ്വീപിന് സമീപം തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. 36 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തിപ്പെട്ടേക്കും. കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കനത്ത മഴയും ഉയരുന്ന ജലനിരപ്പും കണക്കിലെടുത്ത് മുന്‍കരുതലെന്ന നിലയില്‍ ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ വെള്ളിയാഴ്ച ഉയര്‍ത്തും. വൈകിട്ട് നാല് മണിക്ക് ശേഷമാകും ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടുക. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാകും ഇടുക്കിയില്‍ നിന്ന് പുറത്തെക്കൊഴുകുക. തൃശൂര്‍ ചിമ്മിനി, തെന്മല പരപ്പാര്‍ ഡാമുകള്‍ തുറന്നുവിട്ടു. അരുവിക്കര, നെയ്യാര്‍ ഡാമുകളും തുറന്നു. തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകളും ഉയര്‍ത്തി. മാട്ടുപെട്ടി, പൊന്മുടി ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. കക്കി, ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകള്‍ ഉച്ചയ്ക്ക് ശേഷം തുറക്കും, പമ്പ ത്രിവേണിയിലെ പുനര്‍നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ചു. ഡാമുകള്‍ തുറക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെച്ചത്. ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ നാല് മണിക്ക് 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. കക്കയം ഡാമിന്റെ ഷട്ടറുകള്‍ രണ്ട് മണിക്ക് തുറക്കും. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പും ഉയരുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെ 131.5 അടിയായി.

Top