ഇടുക്കി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും ഉയര്‍ത്തി. പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത

ഇടുക്കി : ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു. കൃത്യം 12 മണിക്ക് 35 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്നതിന് മുന്‍പും ആദ്യത്തേതിനുസമാനമായി മൂന്ന് സൈറണുകള്‍ മുഴങ്ങി. മൂന്നാം ഷട്ടര്‍ തുറന്നതിനുശേഷം വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തിയശേഷമായിരുന്നു രണ്ടാം ഷട്ടര്‍ ഉയര്‍ത്തിയത്. രാവിലെ 10.50 ന് മുന്നറിയിപ്പ് സൈറണ്‍ നല്‍കിയ ശേഷം കൃത്യം 11 മണിക്ക് തന്നെ ആദ്യ ഷട്ടര്‍ തുറന്നു. ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് ആര്‍.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു നടപടി.

ആദ്യ ഷട്ടര്‍ തുറന്ന ശേഷം ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും ഉയര്‍ത്തുന്ന നിലയിലായിരുന്നു ക്രമീകരണം. 35 സെ.മീ. വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലായി ഷട്ടര്‍ ഉര്‍ത്തുന്നത്. ഇടുക്കിയിലെ ചെറുതോണി ഡാം തുറക്കുമ്പോൾ ചെറുതോണി മുതൽ അറബിക്കടൽ വരെയാണ് വെള്ളം ഒഴുകുക. ചെറുതോണി ടൗൺ പാതയിലെ ആദ്യ ജന വാസ കേന്ദ്രം പിന്നീട്, പെരിയാർ, ലോവർ പെരിയാർ അണക്കെട്ട്, ഭൂതത്താൻ കെട്ട്, , കാലടി, നെടുമ്പാശ്ശേരി, ആലുവ വഴി അറബിക്കടലില്‍ പതിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കക്കി ആനത്തോട് ഡാം തുറന്നതിന് പിന്നാലെ ഇടമലയാര്‍, പമ്പ ഡാമുകളും ചൊവ്വാഴ്ച തുറന്നിരുന്നു. ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടമലയാറിലെ വെള്ളം രാവിലെ എട്ട് മണിയോടെ ഭൂതത്താന്‍ കെട്ടിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ കാലടി, ആലുവ മേഖലയിലും വെള്ളമെത്തുമെന്നാണ് വിലയിരുത്തല്‍. പെരിയാറില്‍ ഒരു മീറ്ററോളം ജല നിരപ്പ് ഉയരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ ഉയരും. പുറത്തേക്കൊഴുകുന്ന ജലം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018ലെ അപേക്ഷിച്ച് പത്തിലൊരു ഭാഗം മാത്രം വെള്ളമാണ് ഇത്തവണയൊഴുക്കുന്നത്. ഇടുക്കി, വാത്തിക്കുടി, തങ്കമണി, കഞ്ഞിക്കുഴി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിര്‍ദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Top