ഇടുക്കി ഡാമിന്റെ നിർമ്മാണ സമയത്ത് മരണ മടഞ്ഞത് 85പേർ…

കേരളത്തിന്‍റെ വൈദ്യുതി ആവശ്യങ്ങളില്‍ ഭൂരിഭാഗവും നിര്‍വഹിക്കുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്ഇടുക്കി . ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു.

1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. 1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി.

കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌.

പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്‌. കോൺക്രീറ്റ്‌ കൊണ്ടു പണിത ഈ ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത. IS 456-2000 അനുസരിച്ചുള്ള എം – 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. 1976 ഫെബ്രുവരി 12 ന്‌ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത്.

839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിന്‌ കുറുകെയാണ് അണക്കെട്ട്‌ നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച്‌ കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌.

നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള ഭൂഗർഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌. ഡാം നിര്‍മിച്ചതിനു ശേഷം രണ്ടുതവണ തുറന്നിട്ടുണ്ടെങ്കിലും മണ്‍സൂണ്‍ കാലത്ത് ഡാം തുറക്കുന്നത് ഡാമിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ്. ഇതിനു മുമ്ബ് രണ്ടു തവണ ഡാം തുറന്ന 1981 ഒക്ടോബറിലും 1992 ഒക്ടോബറിലും തുലവര്‍ഷക്കാലത്താണ് ഡാം തുറന്നത്. എന്നാല്‍ ഇത്തവണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ ലഭിച്ചതോടെ ഡാമിലെ ജലനിരപ്പ് അതിവേഗം വര്‍ധിക്കുകയായിരുന്നു.

2013-ല്‍ ജലനിരപ്പ് 2400 അടിയായി ഉയര്‍ന്നെങ്കിലും ഉല്‍പ്പാദനം വര്‍ധിപ്പിച്ച്‌ ജലനിരപ്പ് താഴ്ത്തുകയായിരുന്നു. മൂലമറ്റം വൈദ്യുതി നിലയത്തിലെ ആറു ജനറേറ്ററുകളില്‍ അഞ്ചെണ്ണവും മുഴുവന്‍ സമയവും ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 14.5 മില്യന്‍ യൂണിറ്റുവരെയാണിപ്പോള്‍ പ്രതിദിന ഉല്‍പ്പാദനം.

ചെറുതോണി ഡാമില്‍ നിന്നു തുറന്നുവിടുന്ന വെള്ളം ആറുമണിക്കൂറിനുള്ളില്‍ ആലുവയിലെത്തുമെന്നാണ് കരുതുന്നത്. ചെറുതോണി ഡാമില്‍ നിന്നും തുറന്നുവിടുന്ന വെള്ളം ചെറുതോണി പുഴ വഴി ഒഴുകി ഒരു കിലോമീറ്റര്‍ അകലെ വെള്ളക്കയത്തുള്ള പെരിയാറിലെത്തും. പിന്നീട് പെരിയാറില്‍ക്കൂടി വെള്ളം തടിയമ്ബാട്, കരിമ്ബന്‍, ചേലച്ചുവട്, കീരിത്തോട് പാംബ്ല വഴി ലോവര്‍ പെരിയാര്‍ അണക്കെട്ടിലെത്തും. ലോവര്‍ പെരിയാറിലൂടെ വെള്ളം പെരിയാര്‍ നദിയിലൂടെ ആലുവയിലും തുടര്‍ന്ന് അറബിക്കടലിലുമെത്തും.

പന്പ-92. ഷോളയാര്‍-100, ഇടമലയാര്‍-92, കുണ്ടള-55, മാട്ടുപ്പെട്ടി-84, കുറ്റ്യാടി-95, തരിയോട് -100, ആനയിറങ്കല്‍-32, പൊന്‍മുടി-97, നേര്യമംഗലം-97, പൊരിങ്ങല്‍ക്കുത്ത്-100, ലോവര്‍ പെരിയാര്‍-100 എന്നിങ്ങനെയാണ് മറ്റ് പ്രധാനപ്പെട്ട സംഭരണികളിലെ ജലശേഖരം. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഡാമുകളിലെ ജലനിരപ്പ്. അതുകൊണ്ടുതന്നെ ഇടുക്കിഡാമിലെ വെള്ളം തുറന്നുവിടുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായെന്നാണ് വൈദ്യുതി വകുപ്പു വ്യക്തമാക്കുന്നത്.

Top