കനത്ത മഴ,ഇടുക്കി ഡാമില്‍ ജലനിരപ്പുയരുന്നു!.2397 അടി പിന്നിട്ടതോടെ ഡാം തുറക്കാനുള്ള ഒരുക്കങ്ങള്‍.മാധ്യമങ്ങൾ പേടിപ്പിക്കരുതെന്ന് പൊതുജനം

കൊച്ചി:കേരളത്തിൽ മഴ കനത്തു. ഇടുക്കിയിലും കനത്ത മഴയാണ് . ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ജലനിരപ്പ് ശരവേഗത്തില്‍ ഉയരുകയാണ് . അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 2397.04 അടിയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ജലനിരപ്പുയര്‍ന്നാല്‍ രണ്ടുദിവസത്തിനുള്ള ഡാം തുറന്നു വിടേണ്ടിവരും. ചൊവ്വാഴ്ച രാവിലെ പത്തിനു ജലനിരപ്പ് 0.06 അടി കുറഞ്ഞ് 2396.14 അടിയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് മഴ കനത്തതോടെ സ്ഥിതിഗതികള്‍ മാറി.വളരെ വേഗത്തിലാണ് ജലനിരപ്പ് ഇപ്പോള്‍ ഉയരുന്നത്. ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

പകല്‍ പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് രാത്രി ഏഴിന് 2396.26 അടിയിലെത്തി. 1.34 കോടി യൂണിറ്റായിരുന്നു മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം. 1.26 കോടി യൂണിറ്റിനുള്ള വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 1.38 സെ.മീ. മഴ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തി. 201.7 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് ജലനിരപ്പ് 2397 അടിയിലെത്തുന്നത്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ ജലനിരപ്പ് വലിയതോതിലാണ് ഉയരുന്നത്. ബുധനാഴ്ച ഇടുക്കിയില്‍ മിക്കയിടത്തും കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. ഇന്നത്തെ അവസ്ഥയിലാണ് ജലനിരപ്പ് ഉയരുന്നതെങ്കില്‍ വ്യാഴാഴ്ച രാവിലെ തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

അതേസമയം കഴിഞ്ഞയാഴ്ച ഡാമിന് സമീപത്തും ചെറുതോണിയിലുമായി തമ്പടിച്ച ചാനല്‍ മാധ്യമപ്രവര്‍ത്തകരുടെ രീതിക്കെതിരേ നാട്ടുകാര്‍ക്ക് വലിയ പ്രതിഷേധമാണുള്ളത്. ഇടുക്കിക്കാരെ ഭയപ്പെടുത്തുന്ന രീതിയിലുള്ള മാധ്യമപ്രവര്‍ത്തനമാണ് ചാനലുകാര്‍ നടത്തുന്നതെന്ന വികാരം ഏവരിലും ശക്തമാണ്.

നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ നാളെ വൈകിട്ട് ആറോടെ ജലനിരപ്പ് 2398 അടിയിലെത്തുമെന്നാണ് കരുതുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. തുടര്‍ന്ന് 24 മണിക്കൂറുകള്‍ക്കുശേഷം ഷട്ടറുകള്‍ തുറക്കും.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132.80 അടി. മലങ്കര അണക്കെട്ടിലെ നാലാമത്തെ ഷട്ടറും ഉയര്‍ത്തി.

Top