ഇടുക്കി ഷട്ടറുകൾ രാത്രിയും താഴ്ത്തില്ല, മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 30.എട്ടുജില്ലകളില്‍ റെഡ് അലര്‍ട്ട്

കൊച്ചി:സംസ്ഥാനത്ത് നാലുദിവസം കൂടി കനത്ത മഴ തുടരും. എട്ടുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. സമീപചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലാണ് കേരളം. അതിനെതിരെ ഒറ്റക്കെട്ടോടെ പൊരുതുകയാണ് . ഭരണകൂടത്തിന്റെ ഏകോപനത്തിനൊപ്പം മാധ്യമങ്ങളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും പൊതുജനങ്ങളുടേയും ഒറ്റക്കെട്ടായ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ചിരുന്നവര്‍ പോലും പിന്നീട് ജനങ്ങളെ ബോധവത്ക്കരിക്കാനും ശരിയായ വിവരങ്ങള്‍ കൈമാറാനുമുള്ള മാധ്യമങ്ങളുടെ ദൗത്യത്തിനൊപ്പം നില്‍ക്കുന്നുവെന്നത് ശുഭസൂചനയാണ്.ഇടുക്കി ഡാമിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറന്നു.പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു.

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവുണ്ടായി . രണ്ടു മണിക്കൂർ സമയം കൊണ്ട് ജലനിരപ്പിൽ 0.08 അടിയുടെ കുറവാണ് ഉണ്ടായത്. 2401.68 അടി നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഷട്ടര്‍ തുറന്നതിന് ശേഷം ഇത് ആദ്യമായിട്ടാണ് ജല നിരപ്പ് കുറയുന്നത്. നിലവില്‍ സെക്കന്‍റില്‍ 750 ഘനമീറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ലോവ‍ർ പെരിയാറും ഭൂതത്താൻകെട്ടും പിന്നിട്ട് ജലപ്രവാഹം എറണാകുളം ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നു. കാലടിയിൽ ജലനിരപ്പ് ഉയർന്നുതുടങ്ങിയതാണ് ഒടുവിലത്തെ റിപ്പോർട്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയാകുന്നതുവരെ ഷട്ടറുകൾ തുറന്നുവയ്ക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി ഇന്ന് രാത്രി മുഴുവന്‍ സെക്കന്‍റിൽ 750 ഘനമീറ്റർ എന്ന തോതിൽ വെള്ളം അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഉച്ചയ്ക്ക് ഡാമിന്‍റെ എല്ലാ ഷട്ടറുകളും തുറന്നെങ്കിലും ഡാമിലെ ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ അളവിൽ വെള്ളം തുറന്നുവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുന്നത്. പെരിയാറിന്‍റെ തീരത്ത് അതീവ ജാഗ്രതാനിർദ്ദേശം തുടരുകയാണ്. രാത്രി ഉയര്‍ന്ന അളവില്‍ വെള്ളം ഒഴുകി എത്താനിടയുള്ളതു കൊണ്ട് ചെറുതോണിപ്പുഴ, പെരിയാർ എന്നിവയുടെ തീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ഡാമിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി തുടരുകയാണ് എന്നാല്‍, പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് ഉയര്‍ത്തിയതോടെയാണ് ജലനിരപ്പില്‍ കുറവുണ്ടായത്. ചെറുതോണി പാലം ഇപ്പോള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. തടിയമ്പാട് ചപ്പാത്തുകൾ തകർന്ന് 20 വീടുകൾ വെള്ളത്തിനടിയിലായി. നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കൃഷി പൂർണ്ണമായും നശിച്ചു.

എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന കനത്ത മഴ ഇപ്പോഴും ഇടുക്കിയിൽ തുടരുകയാണ്. അണക്കെട്ട് നിറഞ്ഞുകവിയുന്ന സാഹചര്യം ഒഴിവാക്കാൻ വേറെ വഴിയില്ലാതെ വന്നതോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ഡാമിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടത്. 37 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറന്നത്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് തൃശൂർ, എറണാകുളം ജില്ലയിലെ പെരിയാറിന്‍റെ തീരപ്രദേശങ്ങളും അതീവജാഗ്രതയിലാണ്. ഇരുകരകളിലേയും വൻവൃക്ഷങ്ങളെ കടപുഴക്കി ഉഗ്രരൂപിയായി പെരിയാർ കരകവിഞ്ഞ് ഒഴുകുന്നു.

നാലുദിവസം കൂടി കനത്ത മഴ
സംസ്ഥാനത്ത് നാലുദിവസം കൂടി കനത്ത മഴ തുടരും. ഈമാസം 14 വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, ഇടുക്കി ജില്ലകളിലെ റെഡ് അലര്‍ട്ട് നീട്ടിയിയിട്ടുണ്ട്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ദുരിതബാധിത പ്രദേശങ്ങള്‍ നാളെ മുഖ്യമന്ത്രി സന്ദര്‍ശിക്കും.

മലപ്പുറത്ത് 43 കോടിയുടെ നഷ്ടം
ഉരുള്‍പൊട്ടലുണ്ടായ മലപ്പുറത്തെ നിലമ്പൂര്‍ ചെട്ടിയംപാടത്ത് ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങളെടുക്കും. ചാലിയാര്‍ പഞ്ചായത്തിലെ പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കും. മലപ്പുറം ജില്ലയില്‍ 43 കോടിയുടെ നാശമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.

കണ്ണൂരില്‍ കുടിവെളള വിതരണം തടസ്സപ്പെട്ടു
കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ കുടിവെളള വിതരണം തടസ്സപ്പെട്ടു. പഴശിഡാമിലെ പമ്പ് ഹൗസിലും ചാവശേരി പറമ്പിലെ ശുചീകരണ പ്ലാന്റിലും ചെളിവെളളം കയറിയതോടെയാണ് ജലവിതരണം മുടങ്ങിയത്. ഇരിട്ടിയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. ജില്ലയില്‍ മഴക്ക് നേരിയ ശമനമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Top