കോട്ടയം :കേരളത്തില്‍ ഓഗസ്റ്റ് 15 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇടുക്കി,വയനാട്,കോഴിക്കോട്,പാലക്കാട്, മലപ്പുറം,എറണാകുളം,കോട്ടയം,തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ കൂടുതല്‍ നാശം നേരിട്ട ഇടുക്കിയിലും വയനാട്ടിലും അടുത്ത നാല് ദിവസം അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു. നിലവിൽ 5,75,000 ലീറ്റർ (575 ക്യുമെക്സ്) വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തുറന്ന അഞ്ചു ഷട്ടറുകൾ വഴി 7,50,000 ലീറ്റർ (750 ക്യുമെക്സ്) വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. 1,15,000 ലീറ്റർ (115 ക്യുമെക്സ്) വെള്ളം വൈദ്യുതി ഉൽപാദിപ്പിക്കാനും ഉപയോഗിക്കുന്നു. നീരൊഴുക്ക് 120 ക്യുമെക്സ് എത്തുന്നതുവരെ അണക്കെട്ട് തുറക്കാനാണു നിലവിൽ തീരുമാനം. കനത്ത മഴ ഇനി ഉണ്ടായില്ലെങ്കിൽ നാലോ അഞ്ചോ ദിവസത്തിനകം സാഹചര്യങ്ങൾ പൂർവ സ്ഥിതിയിലാകുമെന്നാണു പ്രതീക്ഷ.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന അളവായ 2401.76 അടിയിൽ വെള്ളമെത്തിയ ശേഷം ജലനിരപ്പ് കുറയുകയാണ്. ഒഴുകിയെത്തുന്നതിനേക്കാൾ കൂടുതൽ വെളളം പുറത്തേക്കു കൊണ്ടുപോവുന്നുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും മഴയടക്കം സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമേ ഷട്ടർ അടക്കുന്ന കാര്യം തീരുമാനിക്കൂ. രാത്രി 11 മണിക്ക് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.02 അടി. ചെറുതോണി ബസ് സ്റ്റാന്റിനും പാലത്തിനുമുണ്ടായ നാശങ്ങളൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കിയിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് രാവിലെ ഹെലികോപ്റ്റർ ഇറക്കാനായില്ല.മഴ ശക്തമാകുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇടുക്കി, ഇടമലയാര്‍ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നത് ആശ്വാസകരമാണെന്നും ഇപ്പോള്‍ ക്യാംപുകളിലുള്ളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ തിരിച്ചു പോകാന്‍ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് 457 ക്യാംപുകളിലായി 57,000 പേരുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രഅഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നാളെ കേരളത്തിലെത്തുന്നുണ്ട്.
മഴക്കെടുതി രൂക്ഷമായ ഇടുക്കി ഒഴികെയുള്ള സ്ഥലങ്ങളില്‍ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോംജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടുക്കിയില്‍ ഇറങ്ങാനായില്ലെങ്കിലും വയനാട്ടിലേയും ഏറണാകുളത്തേയും ദുരിതാശ്വാസക്യാംപുകളിലെത്തി മുഖ്യമന്ത്രി ദുരിതബാധിതരെ കണ്ടു. കോഴിക്കോട്ടെ മലയോരമേഖലകളില്‍ അദ്ദേഹം ആകാശവീക്ഷണംനടത്തി.