കൊച്ചി:ഇടുക്കി കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കൊലയാളി സംഘത്തില്‍ രണ്ട് പേരാണുള്ളതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവരിൽ പ്രധാന പ്രതികളായ രണ്ടുപേര്‍ പിടിയിൽ. ഇരുവരും കൊലപാതകത്തിൽ നേരിട്ടുപങ്കെടുത്തിരുന്നവരാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇടുക്കി സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രണ്ടു പേർ ചേർന്ന് കൊലപാതകം നടത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. പ്രതികളിൽ ഒരാൾ വർക് ഷോപ്പ് ജീവനക്കാരനാണ്. തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്തവരാണ് ഇയാളെക്കുറിച്ച് പൊലീസിനു വിവരം നൽകിയത്. ഒളിവിലുള്ളയാള്‍ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സാമ്പത്തിക തട്ടിപ്പാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ഇതോടെ കേസിൽ കസ്റ്റഡിയിൽ ഉള്ളവരുടെ എണ്ണം ആറായി. വെള്ളിയാഴ്ച പിടിയിലായ ഇടുക്കി നെടുങ്കണ്ടം സ്വദേശികൾ ഉൾപ്പെടെ അഞ്ചുപേരാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ ചോദ്യം ചെയ്ത ശേഷം ഇന്ന് വിട്ടയച്ചിരുന്നു. നെടുങ്കണ്ടം സ്വദേശിയെയാണ് വിട്ടയച്ചത്. അതേസമയം, കൂട്ടക്കൊലയ്ക്കു പിന്നില്‍ സാമ്പത്തികത്തട്ടിപ്പും മന്ത്രവാദവുമാണെന്നു ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ രാവിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു . തട്ടിപ്പിന്റെ കേന്ദ്രം സംസ്ഥാനത്തിനു പുറത്താണ്. വിപുലമായ ശൃംഖലയിലെ കണ്ണി മാത്രമായിരുന്നു കൊല്ലപ്പെട്ട കൃഷ്ണന്‍. കൃഷ്ണനുമായി ഇടപാടു നടത്തിയവരെ ചോദ്യം ചെയ്യുകയാണെന്നും എസ്പി പറഞ്ഞു.
കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ മൂവരും കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നും മറ്റു പല കേസുകളിലും പ്രതികളാണെന്നും പൊലീസിനു വിവരം ലഭിച്ചു. കൊലയ്ക്കു പിന്നില്‍ നിധി സംബന്ധിച്ച തര്‍ക്കമാണെന്നും സൂചനയുണ്ട്.റൈസ്പുള്ളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇക്കാര്യത്തിനായി സമീപകാലത്ത് കൃഷ്ണന്‍ തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടിയിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.