നെടുമ്പാശ്ശേരി റൂട്ടിലുള്ള യാത്ര അപകടം നിറഞ്ഞതാകുന്നെന്ന് റിപ്പോര്‍ട്ടുകള്‍. എയര്‍പോര്‍ട്ടിലേക്കുള്ള രാത്രി യാത്രകളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുന്നു. ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരാണ് നെടുമ്പാശേരി യാത്രകളില്‍ അപകടത്തില്‍പ്പെടുന്നവരിലേറെയും. പെരുമ്പാവൂര്‍ പൊലീസിന്റെ കണക്കുകള്‍ പ്രകാരം ഒരു ദിവസം ശരാശരി അഞ്ചുമുതല്‍ ഏഴുവരെ അപകടങ്ങളാണ് നെടുമ്പാശേരിയിലേക്കുള്ള റൂട്ടില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാത്രി 11നും പുലര്‍ച്ചെ നാലിനുമിടയിലാണ് അപകടങ്ങളില്‍ ഭൂരിഭാഗവും. യാത്രയ്ക്കിടെ ഡ്രൈവര്‍മാര്‍ ഉറങ്ങുന്നതാണ് പല അപകടങ്ങള്‍ക്കും കാരണം.
അര്‍ധരാത്രിയിലും പുലര്‍ച്ചെയുമായിട്ടാണ് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിലേറെയും നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്. ഈ സമയം കണക്കാക്കി നെടുമ്പാശേരിയില്‍ എത്താന്‍ വാഹനം പറപ്പിക്കുന്നവരാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. പലരും അവസാന നിമിഷമാണ് വാഹന യാത്രകള്‍ ആസൂത്രണം ചെയ്യുന്നതും സമയത്തെക്കുറിച്ചു കണക്കുകൂട്ടുന്നതും. വിമാനത്താവളത്തിലെത്താന്‍ വാഹനം അമിതവേഗത്തിലോടിക്കുന്നവര്‍ അപകടത്തിലേക്കാണു സ്റ്റിയറിങ് തിരിക്കുന്നത്. കുടുംബാംഗങ്ങളെ മുഴുവന്‍ കൂട്ടിയാണ് പലരും വിമാനത്താവളത്തിലേക്കു പോകുന്നതും മടങ്ങുന്നതും. നെടുമ്പാശേരി റൂട്ടില്‍ മരണസംഖ്യ ഉയരുന്നതിനു പിന്നിലെ മുഖ്യകാരണവും ഇതാണ്.
ഉറക്കത്തിന്റെ മധ്യത്തില്‍ നിന്നുമുണര്‍ന്നു വാഹനം ഓടിക്കുന്നവരും അപകടമുണ്ടാക്കുന്നതില്‍ ഗണ്യമായ പങ്കു വഹിക്കുന്നുവെന്നു കൊച്ചി റേഞ്ച് ഐജി പി. വിജയന്‍.
ഉറക്കം മുഴുമിക്കാത്തതിനാല്‍ ക്ഷീണിതരായി വാഹനമോടിക്കുന്നവര്‍ യാത്രയ്ക്കിടെ അറിയാതെ ഉറക്കത്തിലേക്കു വഴുതിപ്പോകുന്നതും സ്വാഭാവികം. മദ്യപിച്ചശേഷം വാഹനമോടിക്കുന്നവരും ഉണ്ടെന്നു പൊലീസ് പറയുന്നു. രാത്രികാലങ്ങളില്‍ ഗതാഗത നിയന്ത്രണത്തിന് ഉദ്യോഗസ്ഥരില്ലാത്തതും വാഹനം അമിതവേഗത്തില്‍ ഓടിക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്നു. രാത്രി പത്തു കഴിഞ്ഞാല്‍ ട്രാഫിക് സിഗ്‌നല്‍ വകവയ്ക്കാതെ വാഹനം ഓടിക്കുന്നതും ലൈറ്റുകള്‍ ഡിം, ബ്രൈറ്റ് ചെയ്യാന്‍ തയാറാകാത്തതും അപകടത്തിനിടയാക്കുന്നു. സംസ്ഥാനത്ത് അപകടങ്ങളില്‍ ഏറെയും രാത്രിയിലും പുലര്‍ച്ചെയുമാണെന്നാണ് നാറ്റ്പാക്കിന്റെ പഠന റിപ്പോര്‍ട്ട്.
ഇടുക്കി, കോട്ടയം ജില്ലകളില്‍നിന്നു നെടുമ്പാശേരിയിലേക്കുള്ള റോഡുകളില്‍ പലതും വളവും തിരിവുമുള്ളവയാണ്. ഇടുക്കിയില്‍നിന്നുള്ള റോഡരികില്‍ കൊക്കകളും ഉണ്ട്. തൊടുപുഴ- വാഴക്കുളം – നെടുമ്പാശേരി റൂട്ടില്‍ വേങ്ങച്ചുവട് സ്ഥിരം അപകടമേഖലയാണ്. പെരുമ്പാവൂര്‍ – കാലടി വഴി നെടുമ്പാശേരിയിലേക്കു പോകുമ്പോള്‍ ഇടയ്ക്കുള്ള ഒക്കല്‍ പഞ്ചായത്തില്‍പ്പെട്ട കാരിക്കോട്ടെ കൊടുംവളവിലും അപകടങ്ങള്‍ പതിവാണെന്നു പെരുമ്പാവൂര്‍ പൊലീസ് പറയുന്നു. കൊടുംവളവുകളിലെത്തുമ്പോള്‍ മാത്രമാണ് ഡ്രൈവര്‍ അപകടം തിരിച്ചറിയുക. വാഹനം വെട്ടിത്തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡരികിലെ താഴ്ചയിലേക്കു വാഹനം പതിക്കുന്നതും പതിവ്. റോഡില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ പിന്നില്‍ ഇടിച്ചും അപകടമുണ്ടായ സംഭവങ്ങളും നെടുമ്പാശേരി റൂട്ടില്‍ കൂടുതലാണ്.
രാത്രി ഡ്രൈവിങ്ങിനു മുമ്പു ഹെഡ്‌ലൈറ്റുകള്‍, ടെയ്ല്‍ ലൈറ്റുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ വൃത്തിയാക്കണം. അഴുക്കുനിറഞ്ഞ ചില്ലുകള്‍ കാഴ്ച അവ്യക്തമാക്കും.
രാത്രിയിലെ പല റോഡപകടങ്ങളുടെയും കാരണം ഹെഡ്‌ലൈറ്റുകള്‍ ഡിം ചെയ്തു കൊടുക്കാത്തതുമൂലമുള്ള അവ്യക്തതയാണ്.
ദീര്‍ഘദൂര യാത്രയ്ക്കു പുറപ്പെടുമ്പോള്‍ വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് വാഹനമോടിക്കരുത്. ഉറങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്.
മദ്യപിച്ചശേഷമോ, മയക്കം വരാന്‍ സാധ്യതയുള്ള മരുന്നുകള്‍ കഴിച്ചിട്ടോ ഡ്രൈവ് ചെയ്യരുത്.
നീണ്ട യാത്രയ്ക്കു മുന്‍പു കുറഞ്ഞത് ആറുമണിക്കൂര്‍ നേരമെങ്കിലും ഉറങ്ങിയിരിക്കണം.
നെടുമ്പാശേരി റൂട്ടില്‍ അപകടങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കും. ഇതു സംബന്ധിച്ച് ആലുവ റൂറല്‍ എസ്പിക്കും ഇടുക്കി, കോട്ടയം ജില്ലാ പൊലീസ് മേധാവികള്‍ക്കും പ്രത്യേകം നിര്‍ദേശം നല്‍കും. കൊച്ചി റേഞ്ചിന്റെ പരിധിയില്‍പ്പെടുന്ന ജില്ലകളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനു പ്രത്യേക പദ്ധതി നാലുമാസം മുന്‍പു നടപ്പാക്കിയിരുന്നു. ഇതുപ്രകാരം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ മരണനിരക്കും അപകടത്തിന്റെ തോതും കുറയ്ക്കാന്‍ കഴിഞ്ഞു.