പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ ഒരാള്‍ മാത്രമെന്ന് ഐജി മഹിപാല്‍. പ്രതിയെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ട് കിട്ടിയെന്ന് ഐജി പറയുന്നു. രണ്ടു ദിവസത്തിനകെ പ്രതിയെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതി ജിഷയുടെ വീട്ടില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടവരുണ്ട്.
എന്നാല്‍, ആരാണെന്ന് വ്യക്തമല്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. പോലീസ് കസ്റ്റഡിയിലുള്ളവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നു. ജിഷയുടെ മരണത്തിന്റെ ആഘാതത്തിലാണ് അമ്മ രാജേശ്വരിയും സഹോദരിയും. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസ് സ്റ്റേഷനില്‍ പല തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് രാജേശ്വരി മനോരമ ന്യൂസിനോട് പറഞ്ഞു.
സംഭവത്തില്‍ പട്ടികജാതി ഗോത്ര കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശവും നല്‍കി. ഡിജിപിക്കും ഹോം സെക്രട്ടറിക്കുമാണ് ജസ്റ്റിസ് പി.എന്‍. വിജയകുമാറിന്റെ നിര്‍ദേശം. ഇത്തരം അക്രമങ്ങള്‍ തടയാന്‍ പ്രത്യേക മൊബൈല്‍ സ്‌ക്വാഡ് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
കേസ് മധ്യമേഖല ഐജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ക്രൂരവും മൃഗീയവുമായ കൊലപാതകം കേരളത്തെ നടുക്കിയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതിനിടെ പെരുമ്പാവൂരില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. സ്ഥലത്തെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനം ഇടതു യുവജന സംഘടന പ്രവര്‍ത്തകര്‍ തടഞ്ഞു. കേസിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ലെന്നും ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ആരോപിച്ചായിരുന്നു സംഘടനകളുടെ പ്രതിഷേധം. ഇതുമൂലം ജിഷയുടെ അമ്മയെ കാണാന്‍ ചെന്നിത്തലയ്ക്ക് ആശുപത്രിയിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജിഷയുടെ വീട് മന്ത്രി സന്ദര്‍ശിച്ചു.