ഐജിമാര്‍ക്ക് മനം മാറ്റം; ശബരിമലയില്‍ ചുമതലയേല്‍ക്കാതെ നീണ്ട അവധിയിലേക്ക്

ശബരിമല: ശബരിമലയില്‍ സുരക്ഷാ ചുമതല നല്‍കിയ ഐജിമാര്‍ നീണ്ട അവധിയിലേക്ക്. ശബരിമലയില്‍ അതീവ ജാഗ്രത നിലനില്‍ക്കേയാണ് ചുമതല ഉണ്ടായിരുന്ന ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ് കുമാറും ഐ.ജിമാരായ പി. വിജയനും വിജയ് സാക്കറെയും അവധിയില്‍ പ്രവേശിച്ചത്. മൂവരും രണ്ടാഴ്ച്ചയോളം അവധിയെടുത്തിട്ടുണ്ട്.
ഐജിമാര്‍ക്ക് കൂട്ട മനംമാറ്റമാണ് ഉണ്ടാകുന്നതെന്നും അതിനാലാണ് ഇവരാരും ചുമതല ഏറ്റാനായി ശബരിമലയിലേക്ക് വരാത്തതെന്നും വാദങ്ങളുണ്ട്. എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് മൂവരും അവധിയില്‍ പ്രവേശിച്ചതെന്നും അതു പ്രകാരം അവധി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഐ.ജി അശോക് യാദവിന് ഇന്റലിജന്‍സിന്റെ ചുമതല നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ശബരിമലയിലെ സ്പെഷ്യല്‍ ഓഫീസറാണ് പി. വിജയന്‍. സുരക്ഷാ ചുമതലയ്ക്ക് പുറമേ ശബരിമലയെ മാലിന്യമുക്തമാക്കാനുള്ള പുണ്യം പൂങ്കാവനം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് വിജയനായിരുന്നു.അവധി വിവാദമായതോടെ എ.ഡി.ജി.പി വിനോദ് കുമാര്‍ ഡല്‍ഹിയില്‍ നിന്ന് ഇന്ന് തിരുവനന്തപുരത്തെത്തി ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നറിയുന്നു.

Top