കൊച്ചി : പ്രോസിക്യൂഷന് ആശ്വാസമായി ഹൈക്കോടതിയുടെ നിർണായക വിധി. നടിയെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ കോടതി അനുമതി നൽകി.
പുതിയ അഞ്ച് സാക്ഷികളെ കൂടി വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്റെ ആവശ്യമാണ് ഹൈ കോടതി അംഗീകരിച്ചത്. വിചാരണക്കോടതിയ്ക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി വന്നത്.
കേസിൽ 10 ദിവസത്തിനകം പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. നേരത്തെ കേസിലെ രണ്ടു പ്രോസിക്യൂട്ടർമാർ രാജിവെച്ചു പോയ സാഹചര്യത്തിലാണ് വീണ്ടും പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കോടതി നിർദേശം നൽകിയത്. പ്രതികളുടെ മൊബൈൽ ആപ്ലിക്കേഷൻ ഫോം പരിശോധിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.