മുത്തൂറ്റ് ഗ്രൂപ്പുകള്‍ തടിച്ചുകൊഴുക്കുന്നത് പൊതുഖജനാവിലെ പണത്തിലൂടെ സാധാരണക്കാരെ പിഴിഞ്ഞ്; ഞെട്ടിപ്പിക്കുന്ന വിവരം

7781036590_5552f4f7f2_o

തിരുവനന്തപുരം: മുത്തൂറ്റ് ഗ്രൂപ്പിന്റെ 60 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സാധാരണക്കാരെ പിഴിഞ്ഞ് കോടികളാണ് മുത്തൂറ്റ് സമ്പാദിച്ചത്.

പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം വായ്പയെടുക്കുന്ന മുത്തൂറ്റ് സ്ഥാപനങ്ങള്‍ ജനങ്ങളില്‍ നിന്ന് ഈടാക്കുന്നതുകൊള്ളപ്പലിശ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുത്തൂറ്റ് ഗ്രൂപ്പുകളില്‍ നടന്ന ആദായ നികുതിവകുപ്പിന്റെ മിന്നല്‍പ്പരിശോധനയില്‍ ഇതടക്കം 100 കണക്കിന് കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

12 മുതല്‍ 15 ശതമാനം വരെ പലിശയ്ക്കാണ് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് മുത്തൂറ്റ് സ്ഥാപനങ്ങള്‍ പണം വായ്!പയെടുക്കുന്നത്. എന്നാല്‍ ഈ പണം ഉപയോഗിച്ച് സ്വര്‍ണ്ണപ്പണയത്തിനു വായ്പ നല്‍കുമ്പോള്‍ മുത്തൂറ്റ് ഗ്രൂപ്പുകള്‍ പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്നത് 24 മുതല്‍ 36 ശതമാനം പലിശ വരെ. കോടികളാണ് ഈ സ്ഥാപനങ്ങള്‍ ഇങ്ങനെ സമ്പാദിച്ചിട്ടുള്ളതെന്നു ഇന്‍കം ടാക്സ് കണ്ടെത്തി. രാജ്യത്തെ പത്തോളം പൊതുമേഖലാ ബാങ്കുകള്‍ വന്‍ നഷ്ടം നേരിടുകയാണ്. എന്നാല്‍ മുത്തൂറ്റ് സ്ഥാപനങ്ങള്‍ ഒക്കെ നല്ല സാമ്പത്തിക നേട്ടത്തിലും. മുത്തൂറ്റ് സ്ഥാപനങ്ങള്‍ ഒന്നും നഷ്ടത്തില്‍ അല്ല. സാധാരണ പലിശ നിരക്കില്‍ സ്വര്‍ണം പണയവായ്പ നല്‍കിയാല്‍ ഇങ്ങനെ വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ കഴിയില്ല. കൊള്ളപ്പലിശക്കാരെ പിടികൂടാന്‍ കുബേര സംസ്ഥാനത്ത് നടപ്പാക്കിയപ്പോള്‍ രാജ്യത്തെ ഏതെങ്കിലും ബാങ്ക് ഈടാക്കുന്നതിനേക്കാള്‍ 2 ശതമാനം വരെ കൂടുതല്‍ പലിശ മാത്രമേ വായ്പയ്ക്ക് ഈടാക്കാന്‍ പാടുള്ളൂ എന്ന നിബന്ധന കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ നിയമങ്ങളുടെയെല്ലാം നഗ്നമായ ലംഘനമാണ് മുത്തൂറ്റ് ഗ്രൂപ്പുകളില്‍ നടന്നിട്ടുള്ളത്.

സ്വര്‍ണം മുത്തൂറ്റില്‍ പണയം വെയ്ക്കുന്ന ഉപഭോക്താവില്‍ നിന്ന് നിയമം അനുശാസിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ മുത്തൂറ്റ് ഈടാക്കുന്ന വിവരം പണയം വെയ്ക്കുന്ന ആള്‍ പലപ്പോഴും അറിയാറില്ല . പലിശയ്ക്ക് ബില്‍ നല്കാതിരിക്കുന്നതാണ് പ്രധാന കാരണം. സ്വര്‍ണം തിരികെ എടുക്കാന്‍ ചെല്ലുമ്പോള്‍ അത് നല്‍കും. എന്നാല്‍ എത്ര പലിശ ഈടാക്കി എന്നത് രേഖപ്പെടുത്തിയ ബില്‍ നല്‍കാറില്ല. ഇങ്ങനെയാണ് ഈ സ്ഥാപനങ്ങള്‍ കോടികളുടെ പലിശ വെട്ടിപ്പ് നടത്തിയതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി. 24 മുതല്‍ 36 ശതമാനം പലിശ വരെ വിവിധ സംഭവങ്ങളില്‍ ഈടാക്കിയതായും തെളിഞ്ഞു. രാജ്യത്തെ തന്നെ നടുക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ മുത്തൂറ്റിന്റെ സ്ഥാപനങ്ങളില്‍ നടന്നിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജോര്‍ജ് , പാപ്പച്ചന്‍ , റോയ് എന്നിവരുടെ സ്ഥാപനങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. രാജ്യത്തെ 60 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ് . 500 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡുകളിലും തുടര്‍പരിശോധനകളിലും പങ്കെടുക്കുന്നത്.

വന്‍ കുംഭകോണമാണ് മുത്തൂറ്റ് ഗ്രൂപ്പുകള്‍ നടത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. റോയിയുടെ ഉടമസ്ഥതയിലുള്ള മിനി മുത്തൂറ്റിന്റെ കോഴഞ്ചേരി ശാഖയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 26 കിലോ സ്വര്‍ണ്ണവും 2 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. ജോര്‍ജിന്റെയും പാപ്പച്ചന്റെയും ഗ്രൂപ്പുകളില്‍ റിസര്‍വ് ബാങ്ക് നിയമങ്ങളുടെ നഗ്നമായ ലംഘനവും വിദേശ നാണ്യ ചട്ട ലംഘനവും കണ്ടെത്തിയെന്നും അറിയുന്നു. 100 കണക്കിന് കോടിരൂപയുടെ ക്രമക്കേടുകള്‍ ഈ രണ്ടു സ്ഥാപനങ്ങളിലും നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. പണയം വച്ച സ്വര്‍ണം ലേലം ചെയ്തുവില്‍ക്കുന്ന നടപടിക്രമങ്ങളില്‍ വന്‍ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ചട്ടലംഘനം വഴി മുത്തൂറ്റ് സ്ഥാപനങ്ങള്‍ കോടികളുടെ അനധികൃത പണം സമ്പാദിച്ചു.

ഇന്ത്യ ബുള്‍സ് എന്ന ധനകാര്യ സ്ഥാപനത്തിലാണ് ഇതിനുമുന്‍പ് രാജ്യത്ത് ഇത്ര വ്യാപകമായ ആദായനികുതി വകുപ്പ് പരിശോധന നടന്നത്. അതിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഇന്‍കം ടാക്സ് റെയ്ഡ് ആണ് മുത്തൂറ്റ് ഗ്രൂപ്പുകളുടെ സ്ഥാപനങ്ങളില്‍ നടന്നത്. ആദായ നികുതിവകുപ്പിന് ലഭിച്ച ഒട്ടേറെ പരാതികളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന. കള്ളപണം വെളുപ്പിക്കല്‍, കടത്തല്‍, നികുതി വെട്ടിപ്പ് , കുഴല്‍പ്പണം തുടങ്ങി നിരവധി കാര്യങ്ങളില്‍ മുത്തൂറ്റ് ഗ്രൂപ്പുകള്‍ക്കെതിരെ ആദായ നികുതി വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്തുതന്നെ മുത്തൂറ്റിനെതിരെ പരാതികള്‍ വകുപ്പിന് ലഭിച്ചിരുന്നെങ്കിലും നടപടി എടുക്കാന്‍ ആയില്ല. സര്‍ക്കാരില്‍ മുത്തൂറ്റിനുണ്ടായിരുന്ന വന്‍ സ്വാധീനം തന്നെയായിരുന്നു കാരണം. സര്‍ക്കാര്‍ മാറിയപ്പോഴാണ് വ്യാപക പരിശോധന നടത്താന്‍ തീരുമാനമുണ്ടായത്.

മിന്നല്‍ പരിശോധനയാണ് ആദായ നികുതി വകുപ്പ് ആരംഭിച്ചത്. രാജ്യത്ത് നടന്നതില്‍ വച്ച് ഏറ്റവും വലിയ പരിശോധനകളില്‍ ഒന്നുകൂടിയായി മാറി ഇത്. പിടിച്ചെടുത്ത ലക്ഷക്കണക്കിന് ഫയലുകളും രേഖകളും വിവരങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 100 കണക്കിന് കോടി രൂപയുടെ ക്രമക്കേടിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവരാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. എന്തായാലും രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നായി മാറാന്‍ പോവുകയാണ് മുത്തൂറ്റ് ഗ്രൂപ്പുകളുടെ ഈ കുംഭകോണം.

Top