മുത്തൂറ്റ് സമരം അവസാനിച്ചു..ഒത്തുതീർപ്പിന് തയ്യാറായി ജീവനക്കാര്‍..ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കും; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിലെ ജീവനക്കാർ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന സമരമാണ് ഒത്തുതീർപ്പായത് . ഹൈക്കോടതി നിരീക്ഷകന്‍റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് പണിമുടക്ക് സമരം ഒത്തുതീർപ്പായത്. വേതന വർദ്ധനവ് എന്ന ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചു.ഇതോടെ നാളെ മുതൽ മുത്തൂറ്റ് ഫിനാൻസിന്റെ എല്ലാ ബ്രാഞ്ചുകളും തുറന്ന് പ്രവർത്തിക്കും, തൊഴിലാളി യൂണിയനും മാനേജ്മെന്റും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

പിരിച്ചുവിട്ട 8 തൊഴിലാളികളെ തിരിച്ചെടുക്കുമെന്നും 41 പേരുടെ സസ്പെൻഷൻ പിൻവലിക്കുമെന്നും മാനേജ്മെന്റ് തൊഴിലാളികൾക്ക് ഉറപ്പ് നൽകി. ശമ്പള പരിഷ്കരണം നടപ്പിലാക്കുക എന്ന ആവശ്യവും മാനേജ്മെന്റ് അംഗീകരിച്ചു. താൽക്കാലികമായി 500 രൂപ ശമ്പളം വർദ്ധിപ്പിക്കും. സമരം അവസാനിപ്പിക്കുകയാണെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു. ചർച്ചയിലെ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശമ്പളവർധനയും ആനുകൂല്യങ്ങളും അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് മുത്തൂറ്റ് ഫിനാൻസിലെ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. 11 റീജിയണൽ ഓഫീസുകളിലേയും 611 ശാഖകളിലേയും 1800 ലേരെ ജീവനക്കാരാണ് പണിമുടക്ക് നടത്തിയത്. ഇത്രയും ജീവനക്കാർ ഒരു മാസത്തിലേറെയായി സമരം തുടർന്നിട്ടും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന് ജീവനക്കാർ ആരോപണം ഉന്നയിച്ചിരുന്നു. മൂന്ന് തവണ പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിൽ നടത്തിയ ആദ്യ ചർച്ചയും ഫലം കാണാതെ പിരിയുകയായിരുന്നു. സമരക്കാരും ജോലിക്കെത്തിയ ജീവനക്കാരും ഏറ്റുമുട്ടിയത് ഉൾപ്പെടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടർ ഓഫീസിന് മുമ്പിൽ കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. ഇതിനിടെ സമരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ചില ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നതായി മുത്തൂറ്റ് പ്രഖ്യാപിച്ചിരുന്നു.

Top