ദില്ലി: ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 125 കോടി തലച്ചോറുകള്‍ ഇവിടെയുണ്ട്. ഇത് ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയെ മഹത്തരമാക്കുകയെന്നതാണ് നമ്മുടെ കടമയെന്നും സ്വരാജ്യത്തില്‍നിന്നു സുരാജ്യത്തിലേക്കു മാറണമെന്നും അദ്ദേഹം പറഞ്ഞു.
ജനവികാരം മാനിച്ചാകണം രാജ്യത്തു ഭരണമെന്നു പ്രധാനമന്ത്രി പറഞ്ഞു.സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഭരണം കാര്യക്ഷമമാക്കുന്നതില്‍ പുരോഗതിയുണ്ടായി. റെയില്‍വേ, പാസ്പോര്‍ട് വിതരണം എന്നിവ മെച്ചപ്പെടുത്തി. യുപിഎയുടെ പത്തു വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി റെയില്‍വേ ലൈനുകള്‍ കമ്മിഷന്‍ ചെയ്തു.
ആധാറുമായി 70 കോടി ജനങ്ങളെ ബന്ധിപ്പിച്ചു. ഊര്‍ജോത്പാദനത്തിലും വന്‍ കുതിപ്പുണ്ടായി. പതിനായിരം ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിച്ചു. 21 കോടി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. രാജ്യത്തുനിന്നു നിരാശാഭാവം മാറ്റാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.